തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്‌സ്-ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തെക്കുറിച്ച് ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും അവബോധം നല്‍കാനുള്ള ഡിജിധന്‍ മേള ഇന്ന് വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ നടക്കും. വൈകിട്ട് മൂന്നിന് കേന്ദ്ര വ്യോമയാന മന്ത്രി അശോക്ഗജപതി രാജുവും വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഇലക്ട്രോണിക്‌സ്- ഐ.ടി വകുപ്പിന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
രാവിലെ പത്ത് മുതല്‍ ആറ് മണി വരെ വിവിധ തരം ഡിജിറ്റല്‍ പണമിടപാടുകള്‍, ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ ലോഡ് ചെയ്യല്‍, ഇന്‍സ്റ്റാള്‍ ചെയ്യല്‍ തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങളും ഇവ കൈമാറ്റം ചെയ്യുന്നതിനുള്ള സഹായവും ലഭ്യമാകും.
ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും ആധാര്‍ എന്റോള്‍മെന്റ് നടത്താനും നിലവിലുള്ള അക്കൗണ്ടുകള്‍ ആധാര്‍ അധിഷ്ഠിത പേമെന്റ സംവിധാനമുള്ള അക്കൗണ്ടുകളാക്കി മാറ്റാനും വ്യാപാരികള്‍ക്ക് അക്കൗണ്ടുകള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഉപയുക്തമാക്കാനും മേളയില്‍ സഹായം ലഭിക്കും. ഇതിനായി ജനങ്ങള്‍ പേര്, വിലാസം, ജനനത്തീയതി എന്നിവ തെളിയിക്കുന്ന ഫോട്ടോ പതിച്ച രേഖകള്‍, വ്യാപാരികള്‍ കമ്പനി പ്രൂഫ്, പാന്‍ കാര്‍ഡ് കെവൈസി (ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, ആധാര്‍, വോട്ടര്‍ ഐഡി – ഏതെങ്കിലുമൊന്ന്) ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഒപ്പം കരുതണം.















