കൊച്ചി: മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചത് കോളേജ് യൂണിയന്‍ ചെയര്‍മാന്റെയും പോലീസിന്റെയും അധ്യാപകരുടെയും മുന്‍പില്‍ വച്ചാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മൂന്നംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ഗവേണിംഗ് കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കസേര കത്തിച്ച സംഭവം കോളേജിന്റെ പാരമ്പര്യത്തിനും പ്രതിച്ഛായയ്‌ക്കും മങ്ങലേല്‍പ്പിച്ചതായി ഗവേണിംഗ് കൗണ്‍സില്‍ യോഗം വിലയിരുത്തി.
കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ പി.ദിനേശ്, ആനന്ദ് കെ.ജി, കിഷെന്‍ പൗലോസ്, പ്രജിത്ത് കെ. ബാബു, കൃഷ്ണദാസ് എസ്, അമല്‍ എം.പി, മുഹമ്മദ് അമീര്‍, ക്ലിന്റ് കെ.വി, അഫ്രീദി കെ.എഫ്. ജോര്‍ജ്കുട്ടി എന്നീ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. അധ്യാപകരും പോലീസും ചെയര്‍മാനും നോക്കിനില്‍ക്കെയാണ് കസേര കത്തിച്ചത്. കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. അടുത്ത ദിവസം ചേരുന്ന ഗവേണിംഗ് കൗണ്‍സിലില്‍ നടപടി ഉണ്ടായേക്കുമെന്നും ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ പി.കെ. രവീന്ദ്രന്‍ പറഞ്ഞു.
ദൃശ്യങ്ങളില്‍ ഓമല്‍ അലോഷ്യസ് എന്ന അദ്ധ്യാപകനെ കണ്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍കൂര്‍ നോട്ടീസ് നല്‍കി അനുമതി വാങ്ങാതെ പ്രിന്‍സിപ്പാളിന്റെ ചേംബറിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച അദ്ധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഇടത് സംഘടനയായ എ.കെ.ജി.സി.ടി. അംഗങ്ങളായ സന്തോഷ് ടി. വര്‍ഗീസ്, ഓമല്‍ അലോഷ്യസ്, സുമി ജോയി ഒലിയപുറം, ജൂലിയ ഡേവിഡ്, രോഹിണി നായര്‍, മത്തായി പി.വി, ജയകുമാര്‍ കെ, പുറത്തു നിന്നുള്ള അദ്ധ്യാപകരായ അനില്‍കുമാര്‍ എസ്, ബിനോയി കെ.ആര്‍, മാധവന്‍ നമ്പൂതിരി, മധുസൂദന്‍ പി. എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ.
കോളേജിലെ മുതിര്‍ന്ന രണ്ട് അദ്ധ്യാപകരും സൂപ്രണ്ടും ഉള്‍പെടുന്ന കമ്മിറ്റിയാണ് അന്വേഷണം നടത്തിയത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിലൊരാള്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ വ്യക്തിയാണ്. മൂന്നുപേരെയും എസ്.എഫ്.ഐയില്‍ നിന്ന് പിന്നീട് പുറത്താക്കി. ജനുവരി 19 ന് ഇടതു അദ്ധ്യാപക സംഘടനയായ എ.കെ.ജി.സി.ടി യുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയശേഷമാണ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ കസേര കോളേജ് കവാടത്തില്‍ കൊണ്ടുവന്ന് കത്തിച്ചത്. പ്രതിഷേധം സംഘടിപ്പിക്കുന്ന വിവരം ഇടത് അനുകൂല അദ്ധ്യാപക സംഘടനാ ഭാരവാഹികള്‍ക്ക് നേരത്തെ അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.















