ക്ഷേമപെന്‍ഷന്‍ മാസംതോറും നല്‍കുമെന്ന എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാദ്ഗാനവുമായി പുറത്തിറങ്ങിയ ദേശാഭിമാനി പത്രം
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍. കര്‍ഷക, വിധവ, വാര്‍ദ്ധക്യകാല, നിര്‍മ്മാണ തൊഴിലാളി പെന്‍ഷനുകളെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് പേരാണ് ഇതുമൂലം വലഞ്ഞിരിക്കുന്നത്. മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇവരില്‍ ബഹുഭൂരിപക്ഷവും.
ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ അടിസ്ഥാന പെന്‍ഷന്‍ ആയിരം രൂപയാക്കി പ്രഖ്യാപിച്ചെങ്കിലും മാസം ഒന്‍പതായിട്ടും ഈ തുകയോ, മുന്‍പ് ലഭിച്ചുവന്നിരുന്ന 600 രൂപയോ നല്‍കാനായിട്ടില്ല. പെന്‍ഷന് അര്‍ഹതപ്പെട്ടവര്‍ക്ക് അത് ലഭ്യമാക്കാന്‍ മാസങ്ങളായിട്ടും നടപടി കൈക്കൊള്ളാതെ കഴിഞ്ഞ ദിവസവും ധനമന്ത്രി തോമസ് ഐസക് ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം ബജറ്റില്‍ പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
ഒരു ഗ്രാമപഞ്ചായത്തില്‍ 500 മുതല്‍ 1000 വരെ ആളുകള്‍ക്ക് വിവിധ തലങ്ങളിലുള്ള പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷവും ക്ഷേമനിധി ബോര്‍ഡുകളില്‍ മുന്‍കൂര്‍ അംശാദായം അടച്ചവരാണ്. ക്ഷേമനിധി ബോര്‍ഡുകളിലെ പണം സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതിനാലാണ് ഗുണഭോക്താക്കള്‍ക്ക് യഥാസമയം പെന്‍ഷന്‍ നല്‍കാന്‍ കഴിയാതെ വന്നത്. പെന്‍ഷന്‍ ലഭിക്കുന്നവരെ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് വിതരണത്തിന് കാലതാമസം ഉണ്ടാകുന്നതെന്നാണ് കര്‍ഷക തൊഴിലാളി ക്ഷേമബോര്‍ഡ് പറയുന്നത്.
കൃഷി ഭവനുകളുടെ നേതൃത്വത്തിലാണ് ഈ ജോലി നടന്നുവരുന്നത്. വകുപ്പിലെ ജീവനക്കാരുടെ കുറവ് ഈ പ്രവര്‍ത്തനത്തെയും താളംതെറ്റിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ബജറ്റ് വന്നാലും നിലവിലുള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുകയില്ലെന്ന് ഇതോടെ ഉറപ്പായിക്കഴിഞ്ഞു.















