ചെന്നൈ: ഒരാള്‍ക്കു ചുറ്റും ജീവിച്ചതുകൊണ്ട് അയാള്‍ക്കു യോഗ്യതയുണ്ടാകണമെന്നില്ലെന്ന് നടന്‍ കമല്‍ഹാസന്‍. പനീര്‍ശെല്‍വംതന്നെ മുഖ്യമന്ത്രിയാകണമെന്ന് ആവര്‍ത്തിച്ച കമല്‍, ആരാണു മുഖ്യമന്ത്രിയാകേണ്ടത് എന്നതില്‍ തമിഴ് ജനതയാണ് തീരുമാനമെടുക്കേണ്ടതെന്നും വ്യക്തമാക്കി.
ഞാന്‍ ഒരു വക്കീലിന്റെ മകനാണ് എന്നതുകൊണ്ട് എനിക്കു കോടതിയില്‍ പോയി വാദിക്കാനും കേസ് ജയിക്കാനും കഴിയുമെന്നു വിചാരിക്കരുത്. ഞാന്‍ നടനാണ്. അതിലാണ് എനിക്കു പരിശീലനം. മഹാഭാരതത്തില്‍ നടത്തിയതുപോലുള്ള ചൂതുകളിയല്ല രാഷ്‌ട്രീയമെന്നും കമല്‍ഹാസന്‍ പറഞ്ഞു. രാജ്ദീപ് സര്‍ദേശായി ഇന്ത്യ ടുഡേയ്‌ക്കുവേണ്ടി നടത്തിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഞങ്ങള്‍ രാഷ്‌ട്രീയത്തിലേക്ക് എത്തിയാല്‍ അതു തോക്കുമായുള്ള വരവായിരിക്കും. ഞങ്ങള്‍ അതാഗ്രഹിക്കുന്നില്ല. ഈ രാജ്യം അഹിംസയുടെയും സമാധാനത്തിന്റെയും രാഷ്‌ട്രീയം കൊണ്ടുനടക്കുന്ന ഇടമാണ്. അതു മാറ്റിമറിക്കാന്‍ നിര്‍ബന്ധിക്കരുത്. ഞാന്‍ അതുകാണാന്‍ ജീവിച്ചിരിക്കണമെന്നുമില്ല. അതുകാണാന്‍ ജീവിച്ചിരിക്കണമെന്ന ആഗ്രഹവുമില്ല. എന്നാല്‍, ജനങ്ങളെ വിപ്ലവത്തിലേക്കു തള്ളിയിടാന്‍ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ പ്രാര്‍ഥനകളില്‍ വിശ്വസിക്കുന്നില്ല. പ്രാര്‍ഥിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ഒരിക്കലും രാഷ്‌ട്രീയത്തില്‍ എത്തരുതേ എന്നാകണം പ്രാര്‍ഥിക്കേണ്ടതെന്നും കമല്‍ഹാസന്‍ പറയുന്നു.
















