ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമാക്കി മാറ്റിക്കൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഉത്തരവില്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം ഒപ്പിട്ടു. വേദനിലയം സ്മാരകമാക്കി മാറ്റുമെന്ന് നേരത്തെ പനീര്‍ശെല്‍വം വ്യക്തമാക്കിയിരുന്നു.
പനിയും നിര്‍ജ്ജലീകരണവും മൂലം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത ഇക്കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. ജയയുടെ മരണത്തിന് ശേഷം തോഴി ശശികലയായിരുന്നു വേദനിലയത്തില്‍ താമസിച്ചിരുന്നത്. ജയലളിത തന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചുകൊണ്ട് വില്‍പത്രം എഴുതിയിട്ടില്ലാത്തതിനാല്‍ തന്നെ 24,000 ചതുരശ്ര അടി വരുന്ന ഈ കൂറ്റന്‍ ബംഗ്ലാവ് അടക്കം കോടിക്കണക്കിന് സ്വത്തുക്കള്‍ ആര്‍ക്കെന്ന ചോദ്യം ഉയര്‍ന്നിരുന്നു.
1967ല്‍ ആണ് ജയലളിതയും അമ്മ സന്ധ്യയും ചേര്‍ന്ന് പോയസ് ഗാര്‍ഡനിലെ വസ്തുവകകള്‍ വാങ്ങുന്നത്. 1.32 ലക്ഷമായിരുന്നു അന്ന് ഇതിന്റെ വില. 90 കോടിയാണ് ഇപ്പോള്‍ ബംഗ്ലാവ് അടക്കമുള്ള ഈ വസ്തുവകകളുടെ മതിപ്പുവില.
















