പൊന്‍കുന്നം: പൊന്‍കുന്നം പോലീസ്‌സ്റ്റേഷന്‍ ആക്രമിച്ച് ഉദ്യോഗസ്ഥരെ പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിച്ച കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എം. ജിജിമോനെ മുല്ലപ്പെരിയാറിലേക്ക് സ്ഥലംമാറ്റി.
അക്രമത്തിനെതിരെ മുഖംനോക്കാതെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് പ്രതികാരനടപടി. പാര്‍ട്ടിക്കാരോട് പ്രത്യേക മമതവേണ്ടെന്നും പോലീസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍ പ്രതിച്ഛായ ഉണ്ടാക്കാന്‍ മാത്രമുള്ളതാണെന്നും സിപിഎമ്മിന്റെ കപടമുഖം തുറന്നുകാട്ടുന്നതാണെന്നും പോലീസുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
സംഭവത്തിന് തൊട്ടുപിറകെ തന്നെ ഡിവൈഎസ്പിയെ സ്ഥലംമാറ്റാന്‍ തത്വത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ അനുകൂലസാഹചര്യം സൃഷ്ടിക്കുന്നതിന് പാര്‍ട്ടി കാത്തിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പൊന്‍കുന്നത്ത് പ്രതിഷേധപ്രകടനവും പൊതുസമ്മേളനവും നടത്തിയതിന് തൊട്ടുപിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവ് പ്രാബല്യത്തില്‍ വരുത്തിയത്. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ഒരുതരത്തിലും വെച്ചുപൊറിപ്പിക്കില്ലെന്ന വ്യക്തമായ സൂചന നല്‍കുന്നതിനാണ് സമ്മേളനത്തിന് തൊട്ടുപിന്നാലെ ഉത്തരവ് നടപ്പില്‍ വരുത്തിയത്. പോലീസിനുള്ളില്‍തന്നെ ഇത് സംബന്ധിച്ച് അഭിപ്രായവ്യത്യാസം നിലവിലുണ്ട്. ചാര്‍ജ്ജെടുത്ത് മൂന്നുമാസം തികയുന്നതിന് മുമ്പാണ് മറ്റൊരു സ്ഥലത്തേക്ക് വ്യക്തമായ കാരണമില്ലാതെ സ്ഥലംമാറ്റിയിരിക്കുന്നത്. ഈ നടപടിയോടെ പോലീസിന്റെ പ്രവര്‍ത്തനം സുതാര്യമായി നടപ്പിലാക്കാന്‍ സാധിക്കുകയില്ലെന്ന് വ്യക്തമായതായി ഒരുവിഭാഗം പോലീസുകാര്‍ പറഞ്ഞു.
പൊന്‍കുന്നത്ത് ആര്‍എസ്എസ് ക്യാമ്പിനായി സ്വകാര്യസ്‌കൂള്‍ വിട്ട് നല്‍കിയതിനെതിരെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. ഒരു പോലീസുകാരന്റെ കണ്ണിന് ഗുരുതരമായി പരുക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് ഏതാനും എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎസ്പി ഇടപെട്ട് കസ്റ്റഡിയില്‍ എടുത്തു. പോലീസ് നടപടിയില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനാക്രമിക്കുകയും ജീപ്പ് തകര്‍ക്കുകയും ചെയ്തു.
സംഭവത്തില്‍ ഇരുപതോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത ഡിവൈഎസ്പി ഒന്‍പത് പേരെ അറസ്റ്റ്‌ചെയ്തു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് മനപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ചുവെന്നാണ് സിപിഎമ്മിന്റെയും അവരുടെ യുവജന സംഘടനകളുടെയും ആക്ഷേപം.
സ്റ്റേഷനാക്രമണവും, ജീപ്പ് തകര്‍ക്കലും ഡിവൈഎസ്പിയുടെ വീഴ്ചയാക്കാനായിരുന്നു പ്രദേശിക നേതൃത്വത്തിന്റെ ശ്രമം. സംഭവംനടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും ഉദ്യോഗസ്ഥനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഡിവൈഎഫ്‌ഐ ആകട്ടെ പോസ്റ്ററുകള്‍ പതിച്ചു. ഡിവൈഎസ്പിയുടെ സ്ഥലംമാറ്റ വിഷയത്തില്‍ സര്‍ക്കാരിനുമേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്ന സമരപരിപാടികള്‍ സംഘടിപ്പിക്കുന്ന ശ്രമത്തിലായിരുന്നു സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം.
പോലീസ് നടപടികളില്‍ പങ്കാളികളായ സത്യസന്ധരായ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വരും ദിവസങ്ങളില്‍ സമാനമായ പ്രതികാര അച്ചടക്കനടപടികള്‍ ഉണ്ടാകുമെന്ന് സൂചനയുണ്ട്.
















