ആലപ്പുഴ: മത്സ്യസമ്പത്ത് കുറഞ്ഞതോടെ തീരദേശം വറുതിയിലേക്ക്. കഴിഞ്ഞ രണ്ടുമാസമായി മത്സ്യലഭ്യത കുറഞ്ഞതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലായി. പ്രധാന വരുമാനസ്രോതസ്സായ മത്തി ലഭ്യത 40 ശതമാനമായി കുറഞ്ഞു.
ട്രോളിങ് അശാസ്ത്രീയമാണെന്ന് തെളിഞ്ഞിട്ടും സംസ്ഥാനത്ത് തുടരുകയാണ്. കൊച്ചി, ആലപ്പുഴ, മുനമ്പം, കൊല്ലം, കുളച്ചല്‍, മംഗലാപുരം എന്നിവിടങ്ങളിലാണ് ട്രോളിങ് ശക്തമായിട്ടുള്ളത്. ഒരുവര്‍ഷം രണ്ടരലക്ഷം ടണ്‍ മത്തിയാണ് ലഭിച്ചിരുന്നത്. ഇതിലൂടെ സംസ്ഥാനത്തിന് ലഭിച്ചത് 2,500 കോടി രൂപയാണ്. ഇന്നിപ്പോള്‍ ഇത് അരലക്ഷം ടണ്ണായും വരുമാനം 500 കോടിയായും കുറഞ്ഞു.
മത്തി കൂടാതെ, അയല, ചെമ്മീന്‍ എന്നിവയും കുറഞ്ഞിട്ടുണ്ട്. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ധാരാളമായി ലഭിക്കേണ്ട പൂവാലച്ചെമ്മീനും അന്യംനില്‍ക്കുകയാണ്. മത്സ്യലഭ്യത കുറഞ്ഞതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നിര്‍മ്മാണമേഖലയിലേക്ക് തിരിഞ്ഞു.
മലിനീകരണം വര്‍ദ്ധിച്ചതും ശക്തമായ ട്രോളിങുമാണ് മത്തി ലഭ്യത കുറയാന്‍ കാരണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി സംഘം സംസ്ഥാന പ്രസിഡന്റ് ലാല്‍ കോയിപ്പറമ്പന്‍ പറഞ്ഞു.
മത്സ്യഫെഡിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ യാതൊരു സഹായവും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. തീരദേശം പട്ടിണിയിലേക്ക് മാറുകയാണെന്ന് ലാല്‍ പറഞ്ഞു.
















