രാധേ ശ്യാമ സിങ്
ലഖ്‌നൗ: തെരഞ്ഞെടുപ്പില്‍ പിന്തുണക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ മന്ത്രി പ്രാദേശിക പത്രപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതായി പരാതി. മാര്‍ച്ച് നാലിന് തെരഞ്ഞെടുപ്പ് നടക്കുന്ന കുശിനഗറില്‍ മത്സരിക്കുന്ന മന്ത്രി രാധേ ശ്യാമ സിങ്ങാണ് പത്രപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയത്.
തനിക്കനുകൂലമായി വാര്‍ത്ത നല്‍കിയില്ലെങ്കില്‍ കത്തിക്കുമെന്നാണ് ഭീഷണി. ഇത് സംബന്ധിച്ച് മൊബൈല്‍ ഓഡിയോ തെളിവടക്കം കുശിനഗര്‍ പോലീസ് സൂപ്രണ്ട് രാജു ബാബു സിങ്ങിന് പരാതി നല്‍കി. പരാതി സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് എസ്പി പറഞ്ഞു.
നേരത്തെ ഒരു പത്രപ്രവര്‍ത്തകനായ ജാഗേന്ദ്ര സിങ്ങിനെ ചുട്ടുകൊന്ന കേസില്‍ മന്ത്രി രാം മൂര്‍ത്തി സിങ് വര്‍മ്മയെയും മറ്റ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തിരുന്നു. 2015ലാണ് സംഭവം. മന്ത്രി ഉള്‍പ്പെട്ട അനധികൃത മണല്‍ ഖനനത്തിനെതിരെയും ഭൂമി തട്ടിപ്പിനെതിരെയും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെത്തുടര്‍ന്നായിരുന്നു മന്ത്രിയുടെ പ്രതികാരം.
















