ഹൈദരാബാദ്: മുസ്ലീമായിട്ടും നിങ്ങള്‍ എന്തിന് ഇന്ത്യക്ക് വേണ്ടി കളിക്കുന്നു എന്ന പാക്കിസ്ഥാന്‍ സുന്ദരിയുടെ ചോദ്യത്തിന് മികച്ച ഉത്തരം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്‍.
കഴിഞ്ഞ ദിവസം ബറോഡയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടി ചോദിച്ച ചോദ്യം മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാഹോറില്‍ പാക്കിസ്ഥാനുമായിട്ടുള്ള ടൂര്‍ണമെന്റിനിടയില്‍ ഒരു മുസ്ലീമായിട്ടും എന്തിനാണ് താങ്കള്‍ ഇന്ത്യക്ക് വേണ്ടി മത്സരിക്കുന്നത് എന്നായിരുന്നു പെണ്‍കുട്ടി തന്നോട് ചോദിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയെങ്കിലും അവരോട് മികച്ച മറുപടി നല്‍കാന്‍ തനിക്കായിയെന്ന് ഇര്‍ഫാന്‍ പറഞ്ഞു.
‘താന്‍ മുസ്ലീമായാലും ഒരു ഇന്ത്യക്കാരനാണ്, ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുന്നതില്‍ താന്‍ ഏറെ അഭിമാനിക്കുന്നു, ഈ ഒരു അഭിമാനം തന്നെ കൂടുതല്‍ മികവുറ്റതാക്കുന്നു’ എന്നായിരുന്നു ആ പെണ്‍കുട്ടിക്ക് നല്‍കിയ മറുപടിയെന്ന് ഇര്‍ഫാന്‍ പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി 29 ടെസ്റ്റ് ക്രിക്കറ്റും 120 ടൂര്‍ണമെന്റുകളും കളിച്ചിട്ടുള്ള ഇര്‍ഫാന്‍ ഏറ്റവും മികച്ച സ്വിങ് ബൗളറായിട്ടാണ് വിലയിരുത്തുന്നത്.
















