തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധിയില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാരും ബെവ്‌കോയും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടുന്നത് സംബന്ധിച്ചാണ് കേരളം വ്യക്തത തേടുന്നത്. അതേസമയം വിധി തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് ബാറുടമകളുടെ നിലപാട്.
മാര്‍ച്ച് 31നകം ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മുഴുവന്‍ മദ്യവില്‍പ്പന ശാലകളും അടച്ചു പൂട്ടണമെന്നാണ് സുപ്രീംകോടതി വിധി. ഈ വിധിയുടെ പശ്ചാത്തലത്തില്‍ പാതയോരത്തെ ബിയര്‍ വൈന്‍ പാര്‍ലറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും പൂട്ടണമെന്നാണ് നിയമ സെക്രട്ടറി നല്‍കിയ നിയമോപദേശം. എന്നാല്‍ ബാറുകളും വൈന്‍ പാര്‍ലറുകളും വില്‍പ്പന കേന്ദ്രങ്ങളല്ലെന്നും ആയതിനാല്‍ വിധി തങ്ങള്‍ക്ക് ബാധകമല്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും കാണിച്ച് ബാറുടമകള്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തതയ്‌ക്കായി അഭിപ്രായം തേടുന്നത്.
വിധി നടപ്പാക്കാന്‍ എട്ട് മാസത്തേയ്‌ക്ക് കൂടി സാവകാശം തേടിയാണ് ബെവ്കോ ഹര്‍ജി നല്‍കിയത്. 180ഓളം ഔട്ട് ലെറ്റുകളാണ് ബെവ്‌കോയ്‌ക്ക് പാതയോരങ്ങളില്‍ ഉള്ളത്. ജനസാന്ദ്രത കൂടിയ പ്രദേശമാണ് കേരളം. മിക്കയിടങ്ങളിലും സ്കൂളുകളും ആരാധനാലയങ്ങളുമുണ്ട്. ഇതെല്ലാം പരിഗണിച്ച് വേണം ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍. അതിനാല്‍ എട്ട് മാസത്തെ സമയം അനുവദിക്കണമെന്നാണ് ബെവ്‌കോ ആവശ്യപ്പെടുന്നത്.
















