തിരുവനന്തപുരം: പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കായി വാജ്പേയി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഭക്ഷ്യധാന്യ പദ്ധതി കേരളത്തിലെ സര്‍ക്കാരുകള്‍ അട്ടിമറിച്ചുവെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ കുറ്റപ്പെടുത്തി.
സൗജന്യ നിരക്കില്‍പ്പോലും അരിവാങ്ങാന്‍ കഴിയാത്തവര്‍ക്കായി ‘അന്ത്യയോജന, അന്നയോജന’ എന്നീ പദ്ധതികളാണ് അന്ന് ആവിഷ്ക്കരിച്ചത്. മാസം 35 കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. ഇടത്-വലത് സര്‍ക്കാരുകള്‍ ഈ പദ്ധതി കണ്ടതായേ ഭവിച്ചില്ല. ഇപ്പോള്‍ ഭക്ഷ്യഭദ്രതാ പദ്ധതി നടപ്പാക്കാന്‍ വൈകുന്നതിലും കള്ളക്കളിയുണ്ടെന്ന് രാജഗോപാല്‍ കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിന്റെ അരിക്കട പദ്ധതിയുടെ മണക്കാട് ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍. റേഷന്‍ കടകള്‍ ശൂന്യമാവുകയും പൊതുവിപണിയില്‍ അരിവിലകുതിച്ചുയരുകയും ചെയ്യുമ്പോള്‍ പരിഹാരമായാണ് അരിക്കട ആരംഭിക്കുന്നത്.
ഭക്ഷ്യഭദ്രതാ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ച തീയതിക്ക് ആരംഭിക്കാന്‍ പോകുന്നില്ല. റേഷനരി മറിച്ചുവിറ്റ് കോടികള്‍ കീശയിലാക്കുന്ന തട്ടിപ്പ് സംഘം സംസ്ഥാനത്ത് സജീവമാണ്.
റേഷന്‍ കാര്‍ഡ് സമയത്തിന് തയ്യാറാക്കാത്തതിന് പിന്നില്‍ ഈ സംഘമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ ഒന്നരക്കോടി റേഷന്‍ കാര്‍ഡ് കരട് പട്ടികയില്‍ 90 ലക്ഷത്തിലും പരാതി ഉയര്‍ന്നു. മാത്രമല്ല കേരളത്തിലെ കാര്‍ഡുകളില്‍ 12 ശതമാനത്തില്‍ മാത്രമാണ് അരി വാങ്ങുന്നത്. ബാക്കി അരി മറിച്ചുവില്‍ക്കുന്നതായുള്ള പരാതി ഗൗരവമുള്ളതാണ്. കേന്ദ്ര 8 രൂപയ്ക്ക് ഒരു കിലോ അരി നല്കുമ്പോള് കൂടുതല്‍ വില ഈടാക്കി അരിക്കടയിലൂടെ വില്ക്കാന് പോകുന്നതും രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
















