തിരുവനന്തപുരം: സ്ത്രീ വിരുദ്ധരെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്നും വനിതകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ പോലീസ് മൗനം പാലിക്കുകയാണെന്നും ദേശീയ വനിതാകമ്മീഷന് അംഗം സുഷമാ സാഹു.
ലോ അക്കാദമിയിലേയും യൂണിവേഴ്സിറ്റി കോളേജിലേയും അക്രമത്തിനിരയായ പെണ്‍കുട്ടികള്‍, തിരുവനന്തപുരത്ത് ആക്രമത്തിനിരയായ ന്യൂനപക്ഷ മോര്‍ച്ചാ നേമം മണ്ഡലം പ്രസിഡന്റ് ആശാ ഷെറിന്റെ വീട് എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു സുഷമസാഹു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സുഷമാ സാഹു ഇന്നലെ തിരുവനന്തപുരത്താണ് തെളിവെടുപ്പ് നടത്തിയത്.
സിപിഎം നേതാക്കള്‍ തനിക്കെതിരെ നടത്തിയ വധശ്രമത്തില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആശാഷെറിന്‍ കമ്മീഷനോട് പറഞ്ഞു. ലോ കോളേജില്‍ എത്തിയ സുഷമ സാഹുവിന്റെ മുന്നില്‍ നിരവധി വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായെത്തി. മൊഴി നല്കുന്നതില് നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാന് ശ്രമിച്ച ലക്ഷ്മി നായരുടെ ഭര്‍ത്താവിനെ മുറിയില്‍ നിന്ന് പുറത്താക്കി.
തുടര്‍ന്ന് അടച്ചിട്ട മുറിയില്‍ കമ്മീഷന് വിദ്യാര്‍ഥികളുടെ മൊഴിയെടുത്തു. ലോ അക്കാദമി കോളജ് ജയിലറ പോലെയാണെന്നും ലക്ഷ്മി നായര്‍ ഹിറ്റ്ലറെ പോലെയാണ് പെരുമാറിയിരുന്നതുമെന്നുമാണ് താന്‍ മനസിലാക്കുന്നതെന്ന് സുഷമസാഹു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിദ്യാര്‍ഥിനികള്‍ക്ക് സ്വന്തം സഹോദരന്മാരോട് പോലും കോളേജിനുള്ളില്‍ സംസാരിക്കാന്‍ അവകാശമില്ലായിരുന്നു.
അസഭ്യമായ ഭാഷയാണ് കുട്ടികളോട് ഉപയോഗിച്ചിരുന്നത്. ഇത്തരം സംഭവം കേരളത്തിലാണെന്ന് പറയുന്നത് തന്നെ ലജ്ജാകരമാണ്. പട്ടികജാതി പീഡനം നടത്തിയ ലക്ഷ്മിനായരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി വിചിത്രമാണ്. ഇരകളെ സംരക്ഷിക്കേണ്ട പൊലീസ് ഇപ്പോള്‍ വേട്ടക്കാരോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. സമരത്തിനിറങ്ങിയ പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയവഴി വ്യക്തിഹത്യ നടത്തിയ അഡ്വ. സംഗീതാ ലക്ഷ്മണ, അഭിഭാഷകര്‍ക്കും സത്രീത്വത്തിനും അപമാനമാണെന്നും സുഷമ സാഹു പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐയുടെ സദാചാര പൊലീസിംഗിന് ഇരയായ പെണ്‍കുട്ടികള്‍ കമ്മീഷനെ സന്ദര്‍ശിച്ച് പരാതി നല്കി. തൈക്കാട് ഗസ്റ്റ്ഹൗസിലെത്തിയാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. യൂണിവേഴ്സിറ്റി കോളേജില്‍ ഗുണ്ടാരാജ് നിലനില്‍ക്കുന്നതായി പെണ്‍കുട്ടികളുടെ മൊഴിയില്‍ നിന്ന് മനസ്സിലായതായി കമ്മീഷന് പറഞ്ഞു. പെണ്‍കുട്ടികളുടെ പരാതിയില്‍ കേസെടുക്കേണ്ട പൊലീസ് അവര്‍ക്കെതിരെ നീങ്ങുന്നത് മനുഷ്യത്വ രഹിതമാണ്. പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ ദേശീയ വനിതാ കമ്മീഷന് കേസെടുക്കുമെന്നും സുഷമാ സാഹു അറിയിച്ചു.
തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്ജന്കുമാറിനേയും കമ്മീഷന് സന്ദര്‍ശിച്ചു. പൊലീസ് വിശദീകരണം തൃപ്തികരമല്ലെന്ന് സാഹു പറഞ്ഞു. ലോ അക്കാദമിയിലെ അന്വേഷണ ഉദ്യോഗസ്ഥനായ കെ.ഇ. ബൈജുവിനെ വിളിച്ചു വരുത്തിയെങ്കിലും നിരുത്തരവാദപരമായാണ് ഉദ്യോഗസ്ഥന് പെരുമാറിയത്. ഇയാള്‍ക്കെതിരെ ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും സുഷമാസാഹു അറിയിച്ചു.
















