കൊച്ചി: ലോ അക്കാദമിയിലും യൂണിവേഴ്‌സിറ്റി കോളേജിലും തോറ്റ എസ്എഫ്‌ഐ പ്രതിച്ഛായ വീണ്ടെടുക്കാന്‍ നടത്തിയ പ്രസ്താവന സംഘടനയെ കൂടുതല്‍ കുഴപ്പത്തിലാക്കി. സദാചാരവാദികള്‍ക്ക് സംഘടനയില്‍ സ്ഥാനമില്ലെന്നാണ് എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി.പി. സാനുവിന്റെ ഫേസ്ബുക്ക് പ്രസ്താവന. പ്രകൃതി വിരുദ്ധ ലൈംഗികതയെ പിന്തുണച്ച ഡിവൈഎഫ്‌ഐയുടെ പിന്നാലെ സദാചാരത്തെ തള്ളിപ്പറഞ്ഞുള്ള എസ്എഫ്‌ഐ നിലപാട് കടുത്ത വിമര്‍ശനത്തിന് കാരണമാകുന്നു.
കാമ്പസുകളില്‍ എസ്എഫ്‌ഐയുടെ നിലപാടുകള്‍ ഓരോന്നായി പരാജയപ്പെടുന്നു. തിരുവനന്തപുരം ലോ അക്കാദമി വിഷയത്തിലെ നിലപാടോടെ കൂട്ടമായി അണികള്‍ എസ്എഫ്‌ഐ വിടുന്നു. എഐഎസ്എഫ്, എബിവിപി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലേക്ക് അണികള്‍ ചേരുന്നു, കാമ്പസുകളില്‍ സമാന്തര ഇടതുപക്ഷ സംഘടനകള്‍ക്ക് നീക്കം നടക്കുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടെ മര്‍ദ്ദിച്ചതില്‍ വന്‍ പ്രതിഷേധമാണ് സംഘടന നേരിടുന്നത്. ഇതിനിടെയാണ് പ്രസ്താവന.
കാമ്പസുകളില്‍ അണികളും പ്രാദേശിക നേതാക്കളും നടത്തുന്ന അക്രമങ്ങളെ പ്രസിഡന്റിന്റെ പ്രസ്താവന തള്ളിപ്പറയുന്നു. വ്യക്തികള്‍ ഉണ്ടാക്കുന്ന സംഭവങ്ങളില്‍ സംഘടനയ്‌ക്ക് ഉത്തരവാദിത്തമില്ല. ചില കോളേജുകളിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ക്ക് എസ്എഫ്‌ഐയെ ആകെ കരിവാരിത്തേക്കുന്നു. സംഭവങ്ങളില്‍ എസ്എഫ്‌ഐക്കാര്‍ക്കു പങ്കുണ്ടെങ്കില്‍ നടപടിയെടുക്കും, എന്നിങ്ങനെയുള്ള പ്രസ്താവനയിലാണ് സംഘടനയുടെ സദാചാരത്തോടുള്ള നിലപാട് വ്യക്തമാക്കുന്നത്. ”ഒരു കാലത്തും എസ്എഫ്‌ഐ സദാചാരവാദികളുടെ സംഘടനയല്ല. ഒരിക്കലും സദാചാരവാദികളുടെ സംഘടനയാകാനും സാധിക്കില്ല. അത്തരത്തില്‍ ഏതെങ്കിലും സദാചാരബോധവും വെച്ചു കൊണ്ട് ഈ സംഘടനയില്‍ നില്‍ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ദയവു ചെയ്ത് അവര്‍ ഈ സംഘടനയില്‍ നിന്നു പുറത്തു പോകണം. അല്ലെങ്കില്‍ പുറത്തേക്ക് നയിക്കേണ്ടി വരും,” പ്രസിഡന്റ് സാനു പ്രസ്താവിക്കുന്നു.
കാമ്പസുകളില്‍ സാമൂഹ്യ മൂല്യങ്ങളും മര്യാദകളും ഇല്ലാതാകുന്നുവെന്ന ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ സദാചാരത്തെ തള്ളിക്കൊണ്ടുള്ള നേതാവിന്റെ പ്രസ്താവന അമ്പരപ്പുണ്ടാക്കി. കടുത്ത വിമര്‍ശനങ്ങളാണ് പ്രസ്താവനക്ക് സാമൂഹ്യ മാദ്ധ്യമങ്ങളില്‍.
സ്വവര്‍ഗ ലൈംഗികത കുറ്റമല്ലാതാക്കണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ സമ്മേളനം കഴിഞ്ഞയാഴ്ച പ്രമേയം പാസാക്കി. പിന്നാലെയാണ് സംഘടന സദാചാര നയത്തിനെതിരാണെന്ന നിലപാടുമായി എസ്എഫ്‌ഐയും എത്തിയത്.
















