അടിമാലി (ഇടുക്കി): റിസോര്‍ട്ടിന് സമീപത്തുള്ള കുളം വറ്റിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ നടന് ബാബുരാജിന് വെട്ടേറ്റു. ഇന്നലെ ഉച്ചയോടെ അടിമാലി കല്ലാറിന് സമീപം ബാബുരാജിന്റെ ഉടമസ്ഥതിയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടിലാണ് സംഭവം. റിസോര്‍ട്ടിന് സമീപത്തുള്ള തറമുട്ടം സണ്ണിക്കെതിരെ പോലീസ് കേസെടുത്തു.
ബാബുരാജിന്റെ റിസോര്‍ട്ടിലേയ്ക്ക് വെള്ളം എടുക്കുന്നതിന് തറമുട്ടം സണ്ണിയുടെ അഞ്ച് സെന്റ് സ്ഥലം വാങ്ങിയിരുന്നു. പിന്നീട് ഇവിടെ കുളം നിര്‍മ്മിച്ചു. സ്ഥലം കൈമാറ്റം നടത്തിയതിന് ശേഷം കുളത്തില്‍ നിന്നു വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അടിമാലി സ്റ്റേഷനില്‍ പരാതി നിലനില്‍ക്കുകയാണ്. ഇതിനിടെ ഇന്നലെ രാവിലെ കുളം വൃത്തിയാക്കാന്‍ ബാബുരാജ് സ്ഥലത്തെത്തി. കുളത്തിലെ വെള്ളം തുറന്നുവിടുവാന്‍ ശ്രമിച്ചു.
വെള്ളം തുറന്ന് വിട്ടാല്‍ കിണറ്റിലെ വെള്ളം കുറയുമെന്ന് പറഞ്ഞ് സണ്ണി സ്ഥലത്തെത്തി. ഇരുവരും തമ്മില്‍ നടന്ന വാക്കേറ്റത്തിനിടെ സണ്ണി വാക്കത്തി ഉപയോഗിച്ച് ബാബുരാജിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ഇടത് നെഞ്ചിന് ആഴത്തില്‍ വെട്ടേറ്റു. ഉടന്‍തന്നെ ബാബുരാജിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അടിമാലി എസ്ഐയുടെ ചുമതല വഹിക്കുന്ന ഗ്രേഡ് എസ്ഐ സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ബാബുരാജിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു.
















