തിരുവനന്തപുരം: ചര്‍ച്ചയ്ക്കെത്തിയ ചെറുകിട വ്യവസായ സംഘടനാ ഭാരവാഹികളോട് വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി മോശമായി പെരുമാറിയെന്ന പരാതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കൈമാറും. വി.കെ.സി മമ്മദ്കോയയുടെ നേതൃത്വത്തിലുള്ള സിപിഎം അനുകൂല സംഘടനയില്‍ ചേരണമെന്ന് ആവശ്യപ്പെട്ടതായും ചെറുകിട വ്യവസായികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വ്യവസായമന്ത്രിയും ഇത്തരമൊരു നിലപാട് സ്വീകരിച്ചതായി ഭാരവാഹികള്‍ പറയുന്നു.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളെ മണിക്കൂറുകളോളം ഓഫീസിന്റെ വെളിയില്‍ നിര്‍ത്തിയ ശേഷം രണ്ടുപേരെ മാത്രം അകത്തേക്ക് വിളിപ്പിച്ചു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വേഗം പറഞ്ഞിട്ടു പോകണമെന്നും സമയമില്ലെന്നുമായിരുന്നു സെക്രട്ടറിയുടെ പ്രതികരണം. ഇപ്പോഴത്തെ സാമ്പത്തികമാന്ദ്യം കാരണം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വ്യവസായങ്ങളെ സംരക്ഷിക്കണമെന്നും ജപ്തിഭീഷണി നേരിടുന്ന വ്യവസായികള്‍ക്ക് സമയം അനുവദിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വ്യാവസായങ്ങള്‍ നിലനിര്‍ത്തുന്നതിന് എന്തെങ്കിലും സഹായം പ്രതീക്ഷിച്ച വ്യവസായികള്‍ക്ക് നിരാശ നല്കുന്ന മറുപടിയാണ് സെക്രട്ടറി നല്കിയതത്രേ.
വ്യവസായികളൊന്നും നഷ്ടത്തിലല്ലെന്നും എല്ലാ വ്യവസായികളും വലിയ ലാഭത്തിലാണെന്നും ബാങ്കില്‍ നിന്ന് വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അത് അടച്ചിട്ട് സ്ഥാപനങ്ങള്‍ നിര്‍ത്താനുമായിരുന്നു സെക്രട്ടറിയുടെ ഉപദേശം. വ്യവസായസംബന്ധിയായ യോഗങ്ങളിലും കമ്മിറ്റികളിലും എസ്എംഇഒഎ പങ്കെടുപ്പിക്കുന്നത് നിര്‍ത്തലാക്കുമെന്നും സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു. സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദ് ചെയ്യുമെന്നും വ്യവസായ മേഖലയില്‍ ഒരു സംഘടന മാത്രം മതിയെന്നും പറഞ്ഞ സെക്രട്ടറി കോണ്‍ഗ്രസ് അനുകൂല സംഘടനാ ഭാരവാഹികളോട് ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.
















