ന്യൂദല്‍ഹി: രാവിലെ പത്തു മണിക്കേ സുപ്രീംകോടതി മുറി നിറഞ്ഞു. ബിജെപി എംപിയും കേസ് കൊടുത്ത ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയുണ്ട്, ഡിഎംകെ നേതാക്കളുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള അനവധി അഭിഭാഷകരുണ്ട്.
അക്ഷമരായ മാധ്യമപ്രവര്‍ത്തകര്‍…. 10.35 ഓടെ ജസ്റ്റീസുമാരായ പിനാകിചന്ദ്ര ഘോഷും അമിതാവ റോയിയും എത്തി സീറ്റുകളിലിരുന്നു. ഇരുവരും പരസ്പരം ചര്‍ച്ച തുടങ്ങി. കോടതിയില്‍ നിശബ്ദത. അവിടെയിരുന്നവരുടെ നെഞ്ചിടിപ്പ് കൂടി. അവര്‍ ശ്വാസമെടുക്കാതെ കാതുകൂര്‍പ്പിച്ചിരുന്നു. ജസ്റ്റിസ് ഘോഷ് ഉത്തരവ് കൈയിലെടുത്തു. തുടര്‍ന്ന് കോടതി മുറിയിലുണ്ടായിരുന്നവരോടായി, ആയിരത്തിലേറെ പേജ് വരുന്ന വിധിന്യായം കാണിച്ച് പറഞ്ഞു, കണ്ടല്ലോ തടിയന്‍ വിധിയാണിത്.
തുടര്‍ന്ന് ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞു, കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധി ഞങ്ങള്‍ തള്ളുകയാണ്, വിചാരണക്കോടതി വിധി ശരിവെക്കുന്നു. കുറ്റാരോപിതര്‍ കുറ്റവാളികളാണ്. വിചാരണക്കോടതി വിധി പുനസ്ഥാപിക്കുന്നു. അവര്‍ ബെംഗളൂരുവലെ വിചാരണക്കോടതിയില്‍ ഉടന്‍ കീഴടങ്ങണം. ഒന്നാം പ്രതി മരിച്ചതിനാല്‍ കേസ് റദ്ദാക്കുന്നു. ജഡ്ജി പറഞ്ഞു. വെറും എട്ടുമിനിറ്റേ ജസ്റ്റിസ് വിധി പറയാന്‍ എടുത്തുള്ളൂ.
















