ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പടിഞ്ഞാറാന്‍ യുപിയിലെ 67 നിയമസഭാ സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്.
2.28 കോടിയിലേറെ വോട്ടര്‍മാരാണ് രണ്ടാംഘട്ട മണ്ഡലങ്ങളിലുള്ളത്. 721 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ബിജെപി നിയമസഭാ കക്ഷി നേതാവ് സുരേഷ് കുമാര്‍ ഖന്ന, സംസ്ഥാന മന്ത്രി മെഹബൂബ് അലി, എസ്പിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ അസം ഖാന്‍, മകന്‍ അബ്ദുല്ല അസം, കോണ്‍ഗ്രസ് മുന്‍ എംപി സഫര്‍ അലി നഖ്വിയുടെ മകന്‍ സെയ്ഫ് അലി നഖ്വി തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖര്‍.
ബിജെപിയും ബിഎസ്പിയും 67 സീറ്റുകളിലും സമാജ്വാദിപാര്‍ട്ടി 51 മണ്ഡലങ്ങളിലും മത്സരിക്കുന്നു. കോണ്‍ഗ്രസ് 15 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ 69 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തരാഖണ്ഡില്‍ സ്ഥാനാര്‍ഥിയുടെ നിര്യാണത്തെത്തുടര്‍ന്ന് രുദ്രപ്രയാഗ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്.
വിവിധ പാര്‍ട്ടികളിലെ 837 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. മാര്‍ച്ച് 11ന് മറ്റു സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിനൊപ്പമാണ് ഉത്തരാഖണ്ഡിലെയും കൗണ്ടിംഗ്.
















