ചെന്നൈ: എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി കെ ശശികല, എംഎൽഎമ്മാരെ തടവിലാക്കിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മധുര എംഎൽഎ ശരവണൻ നൽകിയ പരാതിയിൽ ശശികല, നിയമസഭാ കക്ഷി നേതാവ് എടപ്പാളി പളനിസാമി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
അതിനിടെ കൂവത്തൂരിൽ എംഎൽഎമാരെ പാർപ്പിച്ചിരുന്ന ഗോൾഡൻ ബേ റിസോർട്ടിൽ നിന്ന് 40 ഓളം ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. എംഎൽഎമാരെ ഭീഷണിപ്പെടുത്തി, കൂടെ നിർത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂവത്തൂരിലും ഗോൾഡൻ ബേ റിസോർട്ട് പരിസരത്തും പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽനിന്ന് രക്ഷപ്പെട്ടുവന്ന എംഎൽഎയാണ് ശരവണൻ. റിസോർട്ടിൽ താമസിപ്പിച്ചിരിക്കുന്ന എംഎൽഎമാരിൽ മിക്കവരും മാനസികമായും ശാരിരികമായും പീഡിപ്പിക്കപ്പെടുകയാണെന്ന് ശരവണൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
















