കൊച്ചി: പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചെയര്‍മാന്‍ ഡോ. പി കൃഷ്ണദാസിന് ഹൈക്കോടതി അഞ്ചു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.
കോളജിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കളക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം വേണമെന്നാവശ്യപ്പെട്ട് കൃഷ്ണദാസ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. അഞ്ചു ദിവസത്തേക്ക് ഹര്‍ജിക്കാരനെ അറസ്റ്റു ചെയ്യരുതെന്നും അറസ്റ്റു ചെയ്താല്‍ ഒരു ലക്ഷം രൂപയുടെ ബോണ്ട് ഉള്‍പ്പെടെ വ്യവസ്ഥകളേര്‍പ്പെടുത്തി ജാമ്യം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
ജനുവരി ആറിനാണ് ജിഷ്ണു പ്രണോയിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിഷ്ണുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച സംഘം തനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയെന്നും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
















