മുംബൈ: ഐപിഎല്‍ പത്താം സീസണിന്റെ ഫിക്‌സ്ചര്‍ ബിസിസിഐ പ്രഖ്യാപിച്ചു. ഏപ്രില്‍ അഞ്ചിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. കഴിഞ്ഞ സീസണില്‍ റണ്‍വേട്ടയില്‍ രണ്ടാമതെത്തിയ ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്‌സിന്റെ നായകന്‍. റണ്‍വേട്ടയില്‍ ഒന്നാമനായ വിരാട് കൊഹ്‌ലിയാണ് ബെംഗളൂരു നായകന്‍.
47 ദിവസങ്ങളിലായി നടക്കുന്ന 60 മത്സരങ്ങളാണുള്ളത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെയും ഗുജറാത്ത് ലയണ്‍സിന്റെയും ഹോം മത്സരങ്ങള്‍ രണ്ട് വേദികളിലായാണ് നടക്കുക. കിങ്‌സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ ഹോം മത്സരങ്ങള്‍ മൊഹാലിയിലും ഇന്‍ഡോറിലുമായാണ് കളിക്കുക. രാജ്‌കോട്ട്, കാണ്‍പുര്‍ സ്റ്റേഡിയങ്ങളിലാണ് ലയണ്‍സിന്റെ ഹോം മല്‍സരങ്ങള്‍.
മത്സരങ്ങള്‍ പത്ത് ഗ്രൗണ്ടുകളിലായാണ് നടക്കുക. പ്രാഥമിക റൗണ്ടില്‍ ഓരോ ടീമും 14 മത്സരങ്ങള്‍ വീതം കളിക്കണം. ഏഴെണ്ണം ഹോം ഗ്രൗണ്ടിലും ബാക്കിയുള്ള മത്സരങ്ങള്‍ എതിര്‍ ടീമുകളുടെ പാളയത്തിലും.
ഉദ്ഘാടന മത്സരം നടക്കുന്ന ഹൈദരാബാദില്‍ തന്നെയാണ് ഇത്തവണത്തെ ഫൈനലുമെന്നതും മറ്റൊരു പ്രത്യേകതയാണ്. ഫെബ്രുവരി 20നാണ് ഇത്തവണത്തെ ഐപിഎല്‍ താരലേലം. 351 താരങ്ങളാണ് ലേലത്തിനുള്ളത്.
















