കൊച്ചി: തീരപരിപാലന സേനയുടെ പുതിയ കപ്പല്‍ ‘ഐസിജിഎസ് ആയുഷ്’ നീരണിഞ്ഞു. ഇന്നലെ നാവിക ആസ്ഥാനത്തു നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ നാവികസേന ദക്ഷിണ കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എ. ആര്‍ കാര്‍വെ ‘ആയുഷ്’ രാഷ്‌ട്രത്തിനു സമര്‍പ്പിച്ചു.
കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച ആയുഷ് 20 അതിവേഗ നിരീക്ഷണ കപ്പലുകളിലെ അവസാനത്തേതാണ്. 2010 ഒക്ടോബറിലാണ് 20 അതിവേഗ പട്രോള്‍ കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനുളള കരാര്‍ നല്‍കിയത്. 50 മീറ്റര്‍ നീളമുളള ആയുഷ് 421 ടണ്‍ ഭാരം വഹിക്കും. മൂന്ന് അത്യാധുനിക ഡീസല്‍ എഞ്ചിനുകളും മൂന്ന് റോള്‍സ് റോയ്‌സ് ജെറ്റുകളും ഒന്നിച്ച് ഘടിപ്പിച്ച ആയുഷിന്റെ പരമാവധി വേഗത 33 നോട്ടിക്കല്‍ മൈലാണ്.
കളളക്കടത്ത് തടയല്‍, തീരപര്യവേക്ഷണം, സുരക്ഷാ ദൗത്യങ്ങള്‍, മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന തരത്തിലാണ് ആയുഷിന്റെ നിര്‍മ്മിതി. ചെന്നൈ നാവിക ആസ്ഥാനത്തിനു കീഴില്‍ കൃഷ്ണപട്ടണത്തായിരിക്കും ഐസിജിഎസ് ആയുഷ് പ്രവര്‍ത്തിക്കുക.
വെസ്‌റ്റേണ്‍ കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ കെ. നടരാജന്‍, ഇന്‍സ്‌പെക്ടര്‍ ജനറല്‍ വി. എസ്. പതാനിയ, കൊച്ചിന്‍ ഷിപ്പ്‌യാഡ് സിഎംഡി മധു എസ്. നായര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
















