ന്യൂദല്‍ഹി: ലൈംഗികാരോപണത്തെ തുടര്‍ന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവു കൂടിയായ ഉത്തര്‍പ്രദേശ് മന്ത്രി ഗായത്രി പ്രജാപതിക്കെതിരെ പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. യുപി സ്വദേശിനിയായ സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം ഇവരുടെ മകളേയും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണിത്.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ. കെ. സിക്രിയുടെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ നിര്‍ദ്ദേശം. എട്ടാഴ്‌ച്ചയ്‌ക്കുള്ളില്‍ അന്വേഷണം സംബന്ധിച്ച വിശദവിവരങ്ങള്‍ പ്രത്യേകം കവറില്‍ സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. 2014 ഒക്ടോബറിനും ജൂലൈ 2016നുമിടയിലാണ് കേസിനാസ്പദമായ സംഭവം. യുപി ഡിജിപിക്ക് ഒക്‌ടോബറില്‍ പരാതി നല്‍കിയിട്ടും നവംബര്‍ 25നാണ് പരാതി ഫയലില്‍ സ്വീകരിച്ചത്. തുടര്‍ന്ന് പരാതിക്കാരി അഭിഭാഷകനായ മെഹ്മൂദ് പ്രാച വഴി കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കേസില്‍ നടപടിയുണ്ടാകാന്‍ വൈകിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ പരാതി നല്‍കാന്‍ വൈകിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം പൗരന്റെ അവകാശങ്ങള്‍ തെരഞ്ഞെടുപ്പ് കാരണം മാറ്റിവെയ്‌ക്കാന്‍ സാധിക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാരിയുടെ സുരക്ഷ ഉറപ്പു വരുത്താനും ദല്‍ഹി പോലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
















