ന്യൂദല്‍ഹി: ഓരോ കുഞ്ഞിനും അമ്മയുടെയും അച്ഛന്റെയും സ്‌നേഹത്തിനും വാത്സല്യത്തിനും അവകാശമുണ്ടെന്ന് ദല്‍ഹി ഹൈക്കോടതി. വിവാഹമോചനം നേടിയ ദമ്പതികളില്‍ അച്ഛന് കുഞ്ഞിനെ കാണാനുളള അനുമതി അമ്മ നിഷേധിച്ച കേസ് പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
കുഞ്ഞിനെ കൈവശം വച്ചിരിക്കുന്ന രക്ഷിതാക്കളിലൊരാള്‍ മറ്റൊരു രക്ഷിതാവിന് കുഞ്ഞിന്റെ സ്‌നേഹം നിഷേധിച്ചാല്‍ അത് അവന്റെ പിന്നീടുളള ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുകയെന്നും കോടതി അഭിപ്രായപ്പെട്ടു. ഇരുരക്ഷിതാക്കളുടെയും സ്‌നേഹം കുട്ടിയ്‌ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കോടതികള്‍ക്ക് സാധിക്കണം.
കെനിയയില്‍ ജീവിക്കുന്ന അച്ഛന് ദല്‍ഹിയില്‍ അമ്മയ്‌ക്കൊപ്പം കഴിയുന്ന മകനെ കാണാന്‍ അദ്ദേഹം ഇന്ത്യയിലെത്തുമ്പോഴൊക്കെ അവസരം നല്‍കണമെന്നും കോടതി വ്യക്തമാക്കി. രക്ഷിതാക്കള്‍ തമ്മിലുളള പ്രതികാരം തീര്‍ക്കാന്‍ കുട്ടികളെ ഉപയോഗിക്കരുത്. കുഞ്ഞുങ്ങള്‍ കുട്ടിക്കാലത്ത് അവഗണിക്കപ്പെടാന്‍ പാടില്ല. സ്‌നേഹത്തിന്റെയും പ്രതീക്ഷയുടെയും പ്രോത്സാഹനത്തിന്റെയും രൂപത്തില്‍ അവന് പിന്തുണ നല്‍കണം.
സമൂഹത്തില്‍ ജീവിക്കാന്‍ പൂര്‍ണമായും പ്രാപ്തനാക്കും വിധമാകണം അവനെ വളര്‍ത്തേണ്ടത്. സ്വാതന്ത്ര്യവും സഹിഷ്ണുതയും ഐക്യവും മാന്യതയും എല്ലാം അവനെ പഠിപ്പിക്കണമെന്നും കോടതി പറഞ്ഞു.
















