ന്യൂദല്‍ഹി: പാക്കിസ്ഥാനി സൂഫി പണ്ഡിതന്‍ സയിദ് വസീം ഉര്‍ റഹ്മാന്റെയും ഭാര്യയുടെയും വിസ നീട്ടി നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തിനു വിധേയമെന്ന് ജസ്റ്റിസ് ദീപക്ക് മിശ്ര, ജസ്റ്റിസ് ആര്‍. ഭാനുമതി, ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
മുംബൈയിലെ ഫോറിനര്‍ റീജ്യണല്‍ രജിസ്‌ട്രേഷന്‍ ഓഫീസറാണ് ഇവരുടെ വിസ നീട്ടേണ്ടതില്ലെന്ന് തീരുമാനിച്ചത്. ബോംബെ ഹൈക്കോടതി വിധി ശരിവച്ചു. ഇതോടെയാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
റഹ്മാനും ഭാര്യക്കുമെതിരെ ഇന്ത്യയില്‍ കേസില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി പരിഗണിച്ചില്ല. സര്‍ക്കാരിനു മുന്നില്‍ തങ്ങളുടെ ഭാഗം വ്യക്തമാക്കാന്‍ അവസരം വേണമെന്ന ആവശ്യവും തള്ളി.
സൂഫി പണ്ഡിതനായ ഇദ്ദേഹം പാക്കിസ്ഥാനിലേക്ക് ചെന്നാല്‍ കൊല്ലപ്പെടുമെന്ന് അഭിഭാഷകന്‍ പറഞ്ഞപ്പോള്‍, ഇക്കാര്യം തങ്ങളുടെ പരിധിയില്‍ വരില്ലെന്ന് കോടതി വ്യക്തമാക്കി. സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ ഹര്‍ജിയെ എതിര്‍ത്തു. 2010 ഒക്ടോബറിലാണ് ഇവര്‍ ഇന്ത്യയില്‍ താമസമാക്കിയത്.
















