പായ്‌വഞ്ചിയില്‍ ലോകം ചുറ്റുന്ന നാവിക സേനയിലെ ആറ് വനിതകള്‍
പനാജി: പായ്‌വഞ്ചിയില്‍ ലോകം ചുറ്റി ചരിത്രം സൃഷ്ടിക്കുവാന്‍ തയ്യാറെടുക്കുകയാണ് ഒരു കൂട്ടം വനിതകള്‍. ഇന്ത്യന്‍ നാവിക സേനയിലെ കരുത്തരായ ആറു പേരാണ് സമുദ്ര സഞ്ചാരത്തിന് ഒരുങ്ങുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു യാത്രയ്‌ക്ക് നാവിക സേന അനുമതി നല്‍കിയിരിക്കുന്നത്. ക്രൂ അംഗങ്ങള്‍ മുഴുവനും സ്ത്രീകളാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. 2017 ആഗസ്റ്റിലാണ് പര്യടനം ആരംഭിക്കുന്നത്.
നാവിക സേനയുടെ പായ് വഞ്ചിയായ തരിണിയിലാണ് സ്ത്രീ സംഘത്തിന്റെ യാത്ര. ഗോവയിലെ മണ്ഡോവി ബോട്ട് പൂളില്‍ തരിണിയുടെ നീറ്റിലിറക്കല്‍ ചടങ്ങുകള്‍ നടന്നു. ചടങ്ങില്‍ പങ്കെടുത്ത നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബയും ഉയര്‍ന്ന ഉദ്യോഗസ്ഥരും സംഘാംഗങ്ങളെ അഭിനന്ദിച്ചു. ഗോവ ദിവാറിലെ സ്വകാര്യ ഷിപ്പ്‌യാര്‍ഡാണ് ഐഎന്‍എസ്‌വി തരിണി നിര്‍മ്മിച്ചത്.
പരിശീലനത്തിന്റെ ഭാഗമായി തരിണിയിലെ അംഗങ്ങള്‍ ഇന്ത്യ മുതല്‍ മൗറീഷ്യസ് വരെയും തിരിച്ചും പിന്നെ ഗോവ മുതല്‍ കേപ് ടൗണ്‍ വരെയും സഞ്ചരിച്ചിരുന്നു. ഐഎന്‍എസ്‌വി മാദേയിയിലായിരുന്നു ഇവരുടെ യാത്ര. 10,000 നോട്ടിക്കല്‍ മൈല്‍ ആണ് ഇവര്‍ സഞ്ചരിച്ചത്. കടുത്ത പ്രതിബന്ധങ്ങളെ അതിജീവിച്ചായിരുന്നു ഇവര്‍ പരിശീലന യാത്ര പൂര്‍ത്തിയാക്കിയത്. കനത്ത മഴയും കാറ്റും അതിജീവിക്കേണ്ടി വന്നു.
ഈ യാത്രയില്‍ നിന്നുള്ള പ്രചോദനമാണ് ഭൂമി തന്നെ ചുററി വരുന്ന യാത്രയ്‌ക്ക് ആത്മവിശ്വാസം നല്‍കിയത്. ലെഫ്. കമാന്‍ഡര്‍ വര്‍തിക ജോഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശീലനം പൂര്‍ത്തിയാക്കി യാത്രയ്‌ക്ക് ഒരുങ്ങുന്നത്. ലെഫ്. കമാന്‍ഡര്‍ പ്രതിഭ ജംവാല്‍, ലെഫ്. ഐശ്വര്യ ബോധപതി, ലെഫ്. പതരപാല്ലി സ്വാതി, ലെഫ്. വിജയ ദേവി, ലെഫ്. പായല്‍ ഗുപ്ത എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.
















