തിരുവനന്തപുരം: മനഃപ്പൂര്‍വം ഭരണഭാഷ മലയാളമാക്കാത്ത വകുപ്പുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളം മിഷന്‍ സംഘടിപ്പിച്ച മലയാണ്മ മാതൃഭാഷാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണം ഇംഗ്‌ളീഷിലായാല്‍ എന്തുപറ്റുമെന്ന ഉദ്യോഗസ്ഥരുടെ മനോഭാവം ശരിയല്ല. ഇംഗ്‌ളീഷുകാര്‍ വരുന്നതിന് മുന്‍പും ഇവിടെ ഭരണം ഉണ്ടായിരുന്നെന്നോര്‍ക്കണം. കോടതി ഭാഷ മലയാളത്തിലാക്കുന്നതിനുള്ള കാലതാമസം പരിശോധിക്കേണ്ടതായുണ്ട്. സെക്രട്ടേറിയറ്റില്‍ നിയമവകുപ്പില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം എത്രത്തോളം മുന്നോട്ടു പോയിട്ടുണ്ടെന്ന് ചിന്തിക്കണം.
പ്ലേ സ്‌കൂളുകളില്‍ ഇംഗ്‌ളീഷ് നിര്‍ബന്ധമാക്കുന്ന രീതിക്ക് കര്‍ശന നിയന്ത്രണം വേണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കവയിത്രി സുഗതകുമാരി ആവശ്യപ്പെട്ടു. വി.എസ് ശിവകുമാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ പുസ്തകോത്സവം സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ പഠനസഹായി പൂക്കാലം മുഖ്യമന്ത്രി സുഗതകുമാരിക്ക് നല്‍കി പ്രകാശനം ചെയ്തു. മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ്ജ് ,രജിസ്ട്രാര്‍ കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു.
















