കൊച്ചി: സനാതനധര്‍മ്മസംരക്ഷണത്തിനായിരുന്നു ആദിശങ്കരന്റെ ജന്‍മമെന്ന് ശൃംഗേരി ശാരദാപീഠം മഠാധിപതി സ്വാമി ഭാരതീതീര്‍ത്ഥ. ഇതിനായാണ് അദ്ദേഹം നാലു മഠങ്ങള്‍ സ്ഥാപിച്ചതും അതിലൂടെ നിരന്തരമായി അൈദ്വത പ്രചരണം നടത്തിയതെന്നും സ്വാമി പറഞ്ഞു. വിജയയാത്രയുടെ ഭാഗമായി കൊച്ചിയിലെത്തിയ സ്വാമി ഭാരതീ തീര്‍ത്ഥയ്‌ക്കും സ്വാമി വിധു ശേഖര ഭാരതിക്കും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഒരുക്കിയ സ്വീകരണയോഗത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അനുഗ്രഹപ്രഭാഷണത്തിനു ശേഷം ശാരദാചന്ദ്ര മൗലീശ്വര പൂജ, ശ്രീ ചക്രപൂജ എന്നിവ സ്വാമിമാരുടെ നേതൃത്വത്തില്‍ നടന്നു. എറണാകുളം കിണറ്റിന്‍കര സമൂഹം, എറണാകുളം ഗ്രാമജനസമൂഹം, കേരള ബ്രാഹ്മണസഭ എന്നിവയുടെ നേതൃത്വത്തിലാണ് ഗംഗോത്രി ഹാളില്‍ സ്വീകരണമൊരുക്കിയത്. വൈകീട്ട് ആറു മണിയോടെ പഞ്ചാദ്യത്തിന്റെ അകമ്പടിയോടെ വേദിയിലേക്കെത്തിയ സ്വാമിമാരെ പൂര്‍ണ്ണകുംഭം നല്‍കിയാണ് സ്വീകരിച്ചത്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.ആനന്ദ്, ആര്‍. നടരാജന്‍, കെ. കൃഷ്ണന്‍, ടി.കെ. രാമകൃഷ്ണന്‍, ടി.പി. ശിവരാമകൃഷ്ണന്‍, എ.ആര്‍. കൃഷ്ണന്‍, ആര്‍. രാമകൃഷ്ണന്‍, ടി.വി. കൃഷ്ണമണി എന്നിവര്‍ സ്വീകരണത്തിനു നേതൃത്വം നല്‍കി. ഇന്ന് വൈകീട്ട് എറണാകുളം ശിവക്ഷേത്രം, ഹനുമാന്‍ കോവില്‍, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, എറണാകുളം ഗ്രാമജനസമൂഹം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന സ്വാമി ഭാരതീതീര്‍ത്ഥ തുടര്‍ന്ന് ആലുവയിലേക്കു യാത്ര തിരിക്കും.
മട്ടാഞ്ചേരി: അമരാവതി ജനാര്‍ദ്ദനക്ഷേത്രത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സ്വാമി അനുഗ്രഹഭാഷണം നടത്തി. ജനാര്‍ദ്ദനക്ഷേത്രകവാടത്തില്‍ ഗുരുവിന് പൂര്‍ണ്ണകുംഭ സ്വീകരണം നല്‍കി മേല്‍ശാന്തിമാരായ മാധവ ഭട്ട്, മഹേഷ് ഭട്ട്, അശോക് ഭട്ട് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ക്ഷേത്ര ദര്‍ശനം നടത്തിയ സ്വാമികള്‍ക്ക് മുന്നില്‍ ജനാര്‍ദ്ദനദേവസ്വം ഭരണസമിതി ഫലവര്‍ഗ്ഗങ്ങള്‍ സമര്‍പ്പിച്ചു. ദേവസ്വം മാനേജിങ്ങ് ട്രസ്റ്റി ജി.എസ്. മഹേഷ്, ട്രസ്റ്റിമാരായ ആര്‍. അജിത് ശേട്ട്, സി.എസ്. രാജേഷ്, പള്ളുരുത്തി വെങ്കടാചലപതി ക്ഷേത്രം ഭരണ സമിതിയിലെ പുരുഷോത്തമ റാവു. അശോക് ശേട്ട്, വിഷ്ണുദാസ് എന്നിവര്‍ പങ്കെടുത്തു.
















