ഭുവനേശ്വര്‍: ഭാരതം സ്വന്തമായി വികസിപ്പിച്ച പുതുതലമുറയില്‍ പെട്ട ആന്റി റേഡിയേഷന്‍ മിസൈല്‍ (എന്‍ജിഎആര്‍എം) ആദ്യ പരീക്ഷണത്തിന് ഒരുങ്ങുന്നു. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആര്‍ഡിഒ) നിര്‍മ്മിച്ച ഇവയ്‌ക്ക് ശത്രുക്കളുടെ റഡാര്‍ സംവിധാനങ്ങളും വാര്‍ത്താവിനിമയ സൗകാര്യങ്ങളും എല്ലാം തകര്‍ത്ത് തരിപ്പണമാക്കാന്‍ കഴിയും.
പരീക്ഷണത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. നൂറു കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ സുഖോയ് 30 വിമാനത്തില്‍ നിന്നാണ് തൊടുത്തുവിടുക. നവംബറില്‍ വിക്ഷേപണം നടക്കുമെന്നാണ് സൂചന.അതിവേഗതയും അതീവ കൃത്യതയുമാണ് ഇതിന്റെ പ്രത്യേകത. റഡാറുകള്‍, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ എന്നിവയിലെ സിഗ്‌നലുകളും റേഡിയേഷനുകളും പിടിച്ചെടുത്ത് അവ എവിടെ നിന്ന് വരുന്നെന്ന് കണ്ടെത്തി അവ തകര്‍ക്കുന്നതാണ് പുതിയ മിസൈല്‍.
സൈന്യത്തിന് കരുത്തു പകരുന്നതാണ് ഇത്. ദ്രവഇന്ധനം ഉപയോഗിക്കുന്ന ഏകഘട്ട എന്‍ജിനാണിതില്‍. തേജസ്, സുഖോയ് വിമാനങ്ങളിലാകും ഇവ ഘടിപ്പിക്കുക. 140 കിലോയാണ് ഭാരം. ജാഗ്വാര്‍, മിറാഷ് വിമാനങ്ങളിലും ഇവ പിടിപ്പിക്കാം.
















