പാറ്റ്‌ന: കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി തൊഴില്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥനും ബീഹാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അധ്യക്ഷനുമായ സുധീര്‍ കുമാറിനെ അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡിലെ ഹസാരി ബാഗില്‍ നിന്നാണ് അറസ്റ്റ്. ഇയാളെ ഹസാരി ബാഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വാങ്ങി, കൂടുതല്‍ ചോദ്യം ചെയ്യലിനായി പാറ്റ്‌നയിലേക്ക് കൊണ്ടുവരും.
1987 ബാച്ചിലെ ഐഎഎസുകാരനായ സുധീര്‍ നാല് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പിടിയിലായത്. ബീഹാറിലെ ക്ലാര്‍ക്ക് പരീക്ഷയ്‌ക്കുള്ള ചോദ്യപേപ്പര്‍ ചോര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തു കൊണ്ടു വന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി പേര്‍ അറസ്റ്റിലായി. ബിഎസ്എസ്‌സി സെക്രട്ടറി പരമേശ്വര്‍ രാം അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു.
സുധീര്‍കുമാറിന്റെ അറസ്റ്റിനെതിരെ ഐഎഎസ് അസോസിയേഷന്‍ രംഗത്തെത്തി. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സമീപിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. സുധീര്‍കുമാര്‍ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറയുന്നു. കൂടുതല്‍ സത്യങ്ങള്‍ പോലീസ് അന്വേഷണത്തിലൂടെ പുറത്തു വരുമെന്ന പ്രതീക്ഷയും ലാലു പങ്കുവച്ചു.
















