ഗോണ്ട: കാണ്‍പൂര്‍ ട്രെയിന്‍ ദുരന്തത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അത് അതിര്‍ത്തിക്കപ്പുറത്താണ് നടന്നതെന്നും ഗൂഢാലോചനക്കാര്‍ക്കെതിരെയുളള വിധിയെഴുത്താകണം തെരഞ്ഞെടുപ്പെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിയിലെ ഗോണ്ടയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ട്രെയിന്‍ അപകടത്തിനു ശേഷം ഏതാനും പേര്‍ പിടിയിലായിരുന്നു. അതിര്‍ത്തിക്കപ്പുറത്തു നടന്ന ഗൂഢാലോചനയാണ് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ഡിസംബറില്‍ നടന്ന ദുരന്തത്തില്‍ 150 പേരാണ് മരിച്ചത്. മഹാരാഷ്‌ട്രയിലും മറ്റ് ചില സംസ്ഥാനങ്ങളിലും നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ വന്‍ വിജയം തന്റെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിപ്പിച്ചു. അഴിമതി ഉന്‍മൂലനം ചെയ്യാന്‍ താന്‍ ബാധ്യസ്ഥനാണ്.
ബിജെപിയുടെ പതാക ഉയര്‍ന്നിട്ടില്ലാത്ത ഒഡിഷയില്‍ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്‌മയും കൂടുതലാണ്. എന്നാല്‍. അവിടത്തെ പാവങ്ങള്‍ ബിജെപിക്കു പിന്നില്‍ അണിനിരക്കുന്നു. കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തുടച്ച് നീക്കാനായെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഉള്ളിടത്തും ഇല്ലാത്തിടത്തുമെല്ലാം കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മൂന്നാം കണ്ണ് ഉപയോഗിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് അവരുടെ തൃക്കണ്ണ് കൊണ്ട് നല്ലതും ചീത്തയും തിരിച്ചറിയാനാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അഴിമതിക്കും കളളപ്പണത്തിനുമെതിരെയുളള പോരാട്ടങ്ങള്‍ തുടരും. കഴിഞ്ഞ എഴുപത് വര്‍ഷത്തെ പോലെ രാജ്യം തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
















