തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് ഒ. രാജഗോപാല്‍ എംഎല്‍എ നിയമസഭയില്‍ നിന്നു വാക്കൗട്ട് നടത്തി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ശൂന്യവേളയില്‍ പ്രതിപക്ഷം അവതരിപ്പിച്ചപ്പോഴാണ് രാജഗോപാല്‍ സഭയില്‍ നിന്ന് വാക്കൗട്ട് നടത്തിയത്.
ഈ വിഷയത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കിടയിലെ തര്‍ക്കമല്ല വേണ്ടതെന്നും കേരളത്തിന് അപമാനമുണ്ടാക്കിയ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്നും ഒ.രാജഗോപാല്‍ ആവശ്യപ്പെട്ടു. ഗൗരവമേറിയ ഒരു പ്രശ്‌നത്തെ ചെറുതാക്കി, വളച്ചൊടിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം സ്ത്രീകളെ ആക്രമിച്ചതിന് 3200 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇത്തരം കേസുകളില്‍ ചില ആള്‍ക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.
മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റും നിരവധി വനിതാ കൗണ്‍സിലര്‍മാരും അടക്കം ആക്രമിക്കപ്പെട്ടു. പ്രതികള്‍ക്ക് മാര്‍ക്‌സിസ്റ്റു ബന്ധമുണ്ടെങ്കില്‍ അവരെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും രാജഗോപാല്‍ പറഞ്ഞു.
















