തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ യുഡിഐഡി പദ്ധതിയുടെ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ രാജ്യത്തെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിനായി ഉപയോഗിക്കാവുന്ന ഒരു സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് അംഗപരിമിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നു. ഒരു വര്‍ഷം കൊണ്ട് ഈ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനായി നാലൂകോടി രൂപ ഇതിനായി അനുവദിച്ചു.
സാമൂഹ്യനീതി-ആരോഗ്യ-റവന്യൂ വകുപ്പുകള്‍ സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യാനുളള നോഡല്‍ ഏജന്‍സിയായി കേരള സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തി. നിലവിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം. എന്നാല്‍, ഇതിനായി പ്രത്യേകം അപേക്ഷ നല്‍കണം.
സവിശേഷ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിനുളള അപേക്ഷകള്‍ സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വഴി മാര്‍ച്ച് ഒമ്പതു മുതല്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ അങ്കണവാടികളില്‍ തന്നെ സ്വീകരിക്കും. ആദ്യഘട്ട അപേക്ഷകള്‍ മാര്‍ച്ച് 20 വരെ എല്ലാ അങ്കണവാടികളിലും സ്വീകരിക്കും. 20 ന് ശേഷം രണ്ടാം ഘട്ടമായി അപേക്ഷകള്‍ അങ്കണവാടികള്‍ വഴി വിതരണം ചെയ്ത് പൂരിപ്പിച്ച് അങ്കണവാടികളില്‍ തന്നെ സ്വീകരിക്കുന്നതാണ്. സംശയങ്ങള്‍ക്ക് 0471 2343466 ല്‍ ബന്ധപ്പെടാവുന്നതാണ്.
















