പത്തനാപുരം/ ചെങ്ങന്നൂര്‍: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു. ശരീരമാസകലം പൊള്ളലേറ്റ യുവതി അപകടനില തരണം ചെയ്തു. പത്തനാപുരം പിറവന്തൂര്‍ ധന്യാഭവനില്‍ ബാലക്യഷ്ണന്‍ ആചാരി – രാധമ്മ ദമ്പതികളുടെ മകള്‍ ധന്യക്യഷ്ണന്(32) നേരെയാണ് ഭര്‍ത്താവ് ബിനുകുമാറിന്റെ ആക്രമണം.
ചെങ്ങന്നൂര്‍ കാരയ്‌ക്കാടുള്ള ഭര്‍തൃഗൃഹത്തില്‍ ഈ മാസം അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. നാണക്കേട് ഭയന്ന് യുവതി ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. അയല്‍വാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഏഴാം തീയതി ധന്യയുടെ അമ്മ കാരയ്‌ക്കാട്ടെ വീട്ടിലെത്തുകയും ധന്യയെയും ഇളയ കുട്ടിയെയും കൂട്ടിക്കൊണ്ടുവരികയുമായിരുന്നു. തുടര്‍ന്ന് ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ധന്യയുടെ മുഖത്തും നെഞ്ചത്തും കയ്യിലും ആസിഡ് വീണ് പൊളളലേറ്റിട്ടുണ്ട്. ശരീരമാസകലം അടിയേറ്റ പാടുകളുമുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂര്‍ പോലീസ് കേസ് അന്വേഷണം ചെങ്ങന്നൂര്‍ പോലീസിന് കൈമാറി.‘ഭര്‍ത്താവ് കാരയ്‌ക്കാട് മനുമംഗലത്ത് വീട്ടില്‍ ബിനുകുമാര്‍, മാതാവ് സരസ്വതി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ഒളിവിലാണ്. ബിനുകുമാര്‍ സ്വകാര്യ സ്ഥാപനത്തിലെ വെല്‍ഡിങ് തൊഴിലാളിയാണ്.
പത്ത് വര്‍ഷം മുമ്പ് 25 പവനും 75,000 രൂപയുമാണ് സ്ത്രീധനമായി നല്‍കിയിരുന്നത്. വിവാഹ ശേഷം ഗള്‍ഫില്‍ ജോലിക്കു പോയ ബിനുകുമാര്‍ ഒന്നര വര്‍ഷം കഴിഞ്ഞ് തിരികെ നാട്ടിലെത്തി.
തുടര്‍ന്ന് മുളക്കുഴ കോട്ടയില്‍ വെല്‍ഡിങ് ജോലിക്ക് പോകുകയായിരുന്നു. വിദേശത്തു നിന്നും തിരികെയത്തിയ ശേഷമാണ് സ്ത്രീധന തുക കൂടുതല്‍ നല്‍കണമെന്നാവശ്യപ്പട്ട് പീഡനം ആരംഭിച്ചതെന്ന് ധന്യ ജന്മഭൂമിയോട് പറഞ്ഞു. നാല് ലക്ഷംരൂപ ആവശ്യപ്പെട്ട് ഭര്‍ത്താവും അമ്മയും ചേര്‍ന്നാണ് തന്നെ ദിവസവും മര്‍ദിച്ചിരുന്നത്. ഇളയകുട്ടിയും പെണ്‍കുഞ്ഞായതിന്റെ പേരിലും മര്‍ദ്ദനം അനുഭവിക്കേണ്ടിവന്നുവെന്നും ധന്യ പറഞ്ഞു.
നിര്‍ധന കുടുംബത്തിലെ അംഗമാണ് ധന്യ. അച്ഛന്‍ ബാലക്യഷ്ണന്‍ ആചാരി തളര്‍വാതം ബാധിച്ച് കിടപ്പിലാണ്. ധന്യയ്‌ക്ക് ഒന്‍പതും അഞ്ചും വയസ്സുളള രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. ഭര്‍തൃഗൃഹത്തിലുളള മൂത്തമകളെ കൂടി തന്റെ ഒപ്പം അയയ്‌ക്കണമെന്നാവശ്യപ്പെട്ട് ധന്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
















