മട്ടാഞ്ചേരി: രണ്ടാം ലോക യുദ്ധരംഗത്ത് പ്രവര്‍ത്തിച്ച ലൂലീ ഡെയ്‌സിന് ഇന്ന് നൂറാം ജന്മദിനം. യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ നാവിക സേനയുടെ മുംബൈ യൂണിറ്റില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി ചേര്‍ന്ന ലൂലി ഡെയ്‌സ് സ്വതന്ത്ര ഇന്ത്യയില്‍ മുംബൈ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സൂപ്പര്‍വൈസറായി തുടര്‍സേവനവും ചെയ്തു. ഭര്‍ത്താവ് നോര്‍മന്‍ ഡെയ്‌സിന്റെ മരണത്തോടെ ജന്മദേശമായ മട്ടാഞ്ചേരിയില്‍ തിരിച്ചെത്തി.
യുദ്ധരംഗത്തും തൊഴില്‍ രംഗത്തും സജീവമായി പ്രവര്‍ത്തിച്ച ലൂലി ഡെയ്‌സിന്റെ നൂറാം ജന്മദിനം നസ്രത്ത് കേമ്പേരി റോഡിലെ സെന്റ് അഗ്‌നസ്സ് ഓള്‍ഡ് ഏജ് ഹോമില്‍ ആഘോഷിച്ചു. ക്രൈസ്തവ പുരോഹിതരും അന്തേവാസികളും പൗരപ്രമുഖരും മറ്റും ചേര്‍ന്ന ആഘോഷം വേറിട്ട അനുഭവമാക്കി.വൈപ്പിനിലെ ഡിക്കോത്ത കുടുംബത്തില്‍ ഫ്രാന്‍സിസ് മേരി ഡിക്കോത്തയുടെ മകളായി 1917 മാര്‍ച്ച് ഒന്നിന് ജനിച്ചു.
ചെറുപ്പത്തിലേ അമ്മ മരിച്ചു, അനാഥാലയത്തില്‍ താമസിച്ച് വിദ്യാഭ്യാസം. രണ്ടാം ലോക യുദ്ധവേളയില്‍ നാവിക സേനയില്‍ ചേര്‍ന്ന് ടെലിഫോണ്‍ ഓപ്പറേറ്ററായി. സ്വതന്ത്ര ഇന്ത്യയില്‍ മുംബൈ പോസ്റ്റല്‍ ടെലിഗ്രാഫ് ഓഫീസില്‍ സൂപ്പര്‍വൈസറായി. ലൂലി ഡെയ്‌സ് അഖിലേന്ത്യ പിആന്‍ഡ് ടി യൂണിയന്‍ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനത്തിരുന്ന് സമരനായികയുമായി.
1958ല്‍ നോര്‍മന്‍ ഡേയ്‌സിനെ വിവാഹം കഴിച്ചു. സേവനത്തില്‍ നിന്ന് വിരമിച്ച ലൂലി ഡെയ്‌സ് ജന്മനാട്ടിലെത്തിയെങ്കിലും വിദേശത്തുള്ള ബന്ധുക്കളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് 2006ല്‍ നസ്രത്ത് സെന്റ് അഗ്‌നസ് ഓള്‍ഡ് എയ്ജ് ഹോമിലെത്തിയത്.
















