തിരുവനന്തപുരം: പതിറ്റാണ്ടുകളായി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ കുറ്റം പറയുന്നതാണ് പുരോഗമനം എന്ന ചിന്ത ശരിയല്ലെന്ന് ഒ. രാജഗോപാല്‍. സംസ്ഥാന സര്‍ക്കാര്‍ പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്ന് നിയമസഭയില്‍ നന്ദിപ്രമേയചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ക്ക് വോട്ടു ചെയ്തവരെ സംരക്ഷിക്കാനായിരിക്കും ഞങ്ങള്‍ ശ്രമിക്കുകയെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. പക്ഷപാതം കൂടാതെ എല്ലാവര്‍ക്കും നീതി ഉറപ്പുവരുത്തുമെന്ന് പറഞ്ഞ് അധികാരമേറ്റ മുഖ്യമന്ത്രിയുടെ ഈ സമീപനം സത്യപ്രതിജ്ഞാ ലംഘനമാണ്. തങ്ങള്‍ക്ക് വോട്ടു ചെയ്തവരുടെ താത്പര്യം സംരക്ഷിക്കുന്നതിനൊപ്പം എതിര്‍ത്ത് വോട്ടു ചെയ്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാരിന് കടമയുണ്ട്.
‘ഹിന്ദുസ്ഥാന്‍’ എന്നതുപോലും തെറ്റായി വ്യാഖ്യാനിച്ച് പക്ഷപാതം കാട്ടാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. ഭരണപരാജയം മറയ്‌ക്കാനാണ് ഇത്തരം നീക്കങ്ങള്‍. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 18 രാഷ്‌ട്രീയ കൊലപാതകങ്ങളാണ് നടന്നത്, ഇതില്‍ 8 ഉം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍. 72 ദളിത് പീഡനങ്ങള്‍. 690 കുട്ടികളെ കാണാതായി. സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ന്നതിന്റെ നേര്‍ ചിത്രങ്ങളാണിതെന്നോര്‍ക്കണം. ഉദേ്യാഗസ്ഥര്‍ സഹകരിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം.
ഐഎഎസ്-ഐപിഎസ് പോരും സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ നിസ്സഹകരണവും പരിഹരിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. നീതിയും ന്യായവും നിഷേധിക്കപ്പെടുന്നുവെന്നു ഡിജിപിക്കുപോലും പരാതിപ്പെടേണ്ടിവരുന്നു. ഇതൊന്നും പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. നന്ദി പ്രമേയത്തെ എതിര്‍ത്തുകൊണ്ട് രാജഗോപാല്‍ പറഞ്ഞു. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത് എന്നിവരും പ്രമേയത്തെ എതിര്‍ത്തു.
എസ്. ശര്‍മ, സി.കെ. ശശീന്ദ്രന്‍, ഇ.കെ. വിജയന്‍, കെ. കൃഷ്ണന്‍കുട്ടി, സി.കെ. ആശ, രാജു എബ്രഹാം എന്നീ ഭരണകക്ഷി അംഗങ്ങള്‍ പ്രമേയത്തിനെ പിന്തുണച്ച് സംസാരിച്ചു.
















