ഇടുക്കി: സഹോദരങ്ങളെ ചുട്ടുകൊന്ന കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. കുമളി വള്ളക്കടവ് പൊന്‍നഗര്‍ തങ്കവേലു-വെണ്ണില ദമ്പതികളുടെ മക്കളായ ഭഗവതി (17), സഹോദരന്‍ ശിവ (11) എന്നിവരെ കൊന്ന കേസിലാണ് കോട്ടയം ക്രൈംബ്രാഞ്ചിലെ ഹര്‍ട്ട് ആന്റ് ഹോമിസൈഡ് വിഭാഗം സി.ഐ മധുബാബു പീരുമേട് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. അരണക്കല്‍ ധര്‍മ്മപുരി ഡിവിഷന്‍ ആറുമുറി ലയത്തില്‍ ചെല്ലയ്യ നാടാരുടെ മകന്‍ മാരിമുത്തു (29) കമ്പം സ്വദേശി സെന്തില്‍കുമാര്‍ (34) എന്നിവരാണ് പ്രതികള്‍.
2013 മാര്‍ച്ച് 21 പുലര്‍ച്ചെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട സഹോദരങ്ങളുടെ അമ്മയുമായി മാരിമുത്തുവിന് അവിഹിത ബന്ധം ഉണ്ടായിരുന്നു. അമ്മയെയും മാരിമുത്തുവിനെയും വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് കുട്ടികള്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
2013 മാര്‍ച്ച് 21ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പ്രതികളായ മാരിമുത്തുവും കൂട്ടാളി സെന്തില്‍കുമാറും കൂടി ഭഗവതിയുടെ വീട്ടിലെത്തി. മുറിക്കുള്ളില്‍ ഭഗവതിയും ശിവയുമാണ് ഉറങ്ങുന്നതെന്ന് ഉറപ്പുവരുത്തിയ പ്രതികള്‍ കയ്യില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് രണ്ട് പേരെയും കത്തിച്ചു. പിന്നീട് പ്രതികള്‍ രക്ഷപ്പെട്ടു.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടികളെ ആശുപത്രിയിലേക്ക് നീക്കി. മണിക്കൂറുകള്‍ക്കകം ശിവ മരിച്ചു. രണ്ട് ദിവസത്തിന് ശേഷമാണ് ഭഗവതി മരിച്ചത്. സംഭവത്തെക്കുറിച്ച് കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
കൊലപാതകത്തിന് ശേഷം മാരിമുത്തു നാട് വിട്ടതാണ് ഇയാളിലേക്ക് അന്വേഷണം നീളാന്‍ കാരണമായത്. അന്വേഷണത്തിനിടെ ക്രൈംബ്രാഞ്ച് സി.ഐ രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ചും സഹായിച്ച സെന്തില്‍കുമാറിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിച്ചത്. പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലവുമുണ്ട്.
സംഭവത്തിന് ശേഷം പിടിയിലായ കേസിലെ മുഖ്യ പ്രതി മാരിമുത്തു ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന ആര്‍.അനില്‍കുമാര്‍, എസ്.ഐമാരായിരുന്ന പി.എച്ച് നസീര്‍, കെ.ആര്‍ ഗോപാലകൃഷ്ണന്‍നായര്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.
















