തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഇലക്ട്രോണിക്സ് കടയുടെ ഗോഡൗണിനു തീപിടിച്ചു. ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ കത്തിനശിച്ചു. കൊടുങ്ങാനൂർ സ്വദേശി അജീവിന്റെ ഉടമസ്ഥതയിൽ വട്ടിയൂർക്കാവും പട്ടവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാധേവ് ഹോം അപ്ളയൻസസിന്റെ ഗോഡൗണാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ ആറു മണിയോടെയായിരുന്നു തീ പടർന്നത്. ആറു യൂണിറ്റ് ഫയർഫോഴ്സ് മൂന്നുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ബാലചന്ദ്രൻ എന്നയാളുടെ ഇരുനില വീടാണ് കഴിഞ്ഞ ഒരുവർഷമായി ഗോഡൗണായി ഉപയോഗിച്ചിരുന്നത്. മിക്സി, ഫാൻ, ഗ്രൈന്റർ, ടിവി, ഗ്യാസ് സ്റ്റൗ , മൈക്രോവേവ് ഓവൻ തുടങ്ങിയ ഹോം അപ്ളയൻസസ് സാധനങ്ങളാണ് വീടിന്റെ രണ്ട് നിലകളിലായി സൂക്ഷിച്ചിരുന്നത്. വീടിന്റെ താഴത്തെ നിലയിലെ മുറിയിൽ നിന്ന് തീയും പകയും ഉയരുന്നത് കണ്ട അയൽവാസികളാണ് വിവരം പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്.
വീട്ടിനുള്ളിലാകെ തീയും പുകയും ടിവിയും മറ്റും പൊട്ടിത്തെറിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. താഴത്തെ നിലയിലുള്ള റൂമിലുണ്ടായ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമായതെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.
















