തിരുവനന്തപുരം: സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഐഎഎസ് – ഐപിഎസ് തർക്കം മൂലം സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് ആരോപിച്ച് കോൺഗ്രസ് എംഎൽഎ വി.ഡി സതീശനാണ് നോട്ടീസ് നൽകിയത്.
ഉദ്യോഗസ്ഥർക്കിടയിൽ വൻ ചേരിപ്പോര് നിലനിൽക്കുന്നുവെന്നും പക തീർക്കാനായി ഉദ്യോഗസ്ഥർ അതീവ സുരക്ഷാ രേഖകൾ പോലും കോടതിയിൽ ഉപോയിഗിക്കുന്നു എന്നുവെന്നും സതീശന് ആരോപിച്ചു. വിജിലൻസ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ തൊഴുത്തിൽ കെട്ടിയിരിക്കുന്ന പശുവാണെന്നും സതീശന് പരിഹസിച്ചു.
കൂട്ടിലടച്ച തത്തയെപ്പോലെയല്ല മുഖ്യമന്ത്രിയുടെ തൊഴുത്തിലെ പശുവിനെപ്പോലെയാണ് ജേക്കബ് തോമസ് പ്രവർത്തിക്കുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വലിയ കേസുകൾ ഏറ്റെടുക്കേണ്ടെന്ന് സർക്കുലർ ഇറക്കാൻ ജേക്കബ് തോമസിനെ ആര് അധികാരം നൽകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഭസ്മാസുരന് വരം കൊടുത്തതുപോലെയാണ് ജേക്കബ് തോമസിന്റെ പ്രവർത്തികൾ. ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോര് മൂലം അതീവ പ്രാധാന്യമുള്ള ഫയലുകൾ പോലും ബിനാമി കൈകളിൽ എത്തുകയാണെന്നും ഇവ പകപോക്കലിനായി കോടതിയിൽ ഉപയോഗിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
എന്നാൽ സംസ്ഥാനത്ത് ഭരണസ്തംഭനമില്ലെന്നും പ്രതിപക്ഷത്തിന്റെ ആരോപണം വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉദ്യോഗസ്ഥർക്കിടയിൽ പ്രശ്നങ്ങളുണ്ട്, എന്നാൽ ഗൗരവതരമായ അഭിപ്രായവ്യത്യാസങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടന്ന് സ്പീക്കര്‍ പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.
















