കൊട്ടാരക്കര: മേലധികാരിയെക്കുറിച്ച് സ്വകാര്യ ചാനലില്‍ പരാതി പറഞ്ഞ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കള്‍. കൊട്ടാരക്കര എഴുകോണ്‍ കാരുവേലില്‍ ചെറുകുളത്ത് വീട്ടില്‍ റോയി മാത്യു(33) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ ദേവദാലിയിലെ സൈനിക ക്യാമ്പിന് സമീപത്ത് മൃതദേഹം കണ്ടെത്തിയയെന്നാണ് വ്യാഴാഴ്ച രാവിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം തോന്നിക്കുമെന്നാണ് കിട്ടിയ വിവരം.
നാസിക് റെജിമെന്റ് 214 ലാണ് റോയി മാത്യുവിന് ജോലി. കഴിഞ്ഞ 24ന് ക്യാമ്പിന് പുറത്ത് പോയപ്പോള്‍ ക്വിന്റ് എന്ന വെബ് പോര്‍ട്ടര്‍ ചാനലുകാര് രഹസ്യക്യാമറയുമായി മാത്യുവിനെ സമീപിച്ചു. സംഭാഷണത്തിനിടയില്‍ മേലധികാരിയുടെ പീഡനങ്ങളെയും വീട്ടുവേല ചെയ്യിക്കുന്നതിനെയും ജോലിഭാരത്തെയും കുറിച്ച് റോയി മാത്യുവും കൂടെയുണ്ടായിരുന്ന നാല് സൈനികരും വ്യക്തമാക്കിയിരുന്നു. കേണലിന്റെ ഡ്രൈവറായ തനിക്ക് ഡ്യൂട്ടി കൂടാതെ കേണലിന്റെ വീട്ടുജോലികള്‍ ചെയ്യേണ്ടിവരുന്നതിന്റെ സങ്കടങ്ങളാണ് റോയി പറഞ്ഞത്.
ഇതിന് ശേഷം രാത്രിയോടെ ക്യാമ്പിലെ മുറിയിലെത്തിയപ്പോഴാണ് ചാനലില്‍ താന്‍ പറഞ്ഞത് അടക്കം വാര്‍ത്തയായ വിവരം റോയി മാത്യു അറിഞ്ഞത്. ഉടന്‍തന്നെ വീട്ടില്‍ വിളിച്ച് ഭാര്യയോട് ഇക്കാര്യങ്ങള്‍ പറയുകയും തന്റെ ജോലി നഷ്ടപ്പെടുന്നത് ഉള്‍പ്പടെയുള്ള സാഹചര്യമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇത് പറഞ്ഞു തീര്‍ന്നയുടന്‍ കട്ട് ആയ ഫോണ്‍ ഇപ്പോഴും സ്വിച്ച് ഓഫാണ്. രണ്ട് ദിവസം കഴിഞ്ഞിട്ടും വിവരം ഒന്നുമില്ലാതെ വന്നതോടെ ബന്ധുക്കള്‍ നാസിക്കിലെ സൈനിക ക്യാമ്പിലേക്ക് ബന്ധപ്പെട്ടിരുന്നു.
റോയി മാത്യു ഉള്‍പ്പടെ അഞ്ച് പേരെ കാണാനില്ലെന്ന വിവരം മാത്രമാണ് ഇവിടെ നിന്നു ലഭിച്ചത്. ഇതില്‍ ഒരാള്‍ ആലപ്പുഴ സ്വദേശിയാണ്. തുടര്‍ന്ന് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയ വാര്‍ത്തയാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. മൃതദേഹം ചീഞ്ഞഴുകി വികൃതമായതിനാല്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയില്ലെന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാസിക്കില്‍ തന്നെ സംസ്കരിക്കാമെന്നുമാണ് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മോനച്ചന് – സെല്‍വി ദമ്പതികളുടെ മൂത്ത മകനാണ് റോയി മാത്യു. ഭാര്യ ഫിനി റോയി.
















