കൊട്ടാരക്കര: നാസിക്കിലെ ദേവലാലിയില്‍ കരസേന ക്യാമ്പില്‍ മലയാളി ജവാന് മരിച്ച സംഭവത്തില്‍ ആശയക്കുഴപ്പം തുടരുന്നു. ദുരൂഹതയുണ്ടന്ന് ബന്ധുക്കള്‍ ആരോപിക്കുമ്പോള്‍ റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്ന് കരസേന അറിയിച്ചതായി ഒരു ഇംഗ്ലീഷ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോയ്മാത്യുവിന് മാനസികവിഷമങ്ങള്‍ ഉണ്ടായിരുന്നതായും സേന വ്യക്തമാക്കുന്നു. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതി നല്കി.
കരസേന ക്യാമ്പിലെ പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ദേവലാലിയിലെ ക്യാമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി ജവാന് പവിത്രേശ്വരം സ്വദേശി റോയ് മാത്യുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് കരസേന പറയുന്നത്. റോയ് മാത്യു ആത്മഹത്യ ചെയ്തതാണെന്നാണ് കരസേനയുടെ വിശദീകരണം. ഇദ്ദേഹത്തിന് മാനസികവിഷമങ്ങള്‍ ഉണ്ടായിരുന്നതായും കരസേന പറയുന്നു. ഒരു പ്രാദേശിക ചാനലിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കരസേനയിലെ തൊഴില്‍പീഡനങ്ങളെക്കുറിച്ച് റോയ് മാത്യു വിവരിച്ചതിനെത്തുടര്ന്ന് കഴിഞ്ഞ മാസം 25 മുതല്‍ റോയ് മാത്യുവിനെക്കുറിച്ച് വീട്ടുകാര്‍ക്ക് വിവരമില്ലായിരുന്നു. റോയ് മാത്യു ക്യാമ്പില്‍ എത്തുന്നില്ലെന്നായിരുന്നു കരസേന നല്‍കിയിരുന്ന വിശദീകരണം. തുടര്‍ന്ന് വ്യാഴാഴ്ചയാണ് മരണവിവരം വീട്ടുകാരെ അറിയിച്ചത്. റോയ്മാത്യുവാണ് വീഡിയോ ദൃശ്യങ്ങളിലുള്ളതെന്ന് വ്യാഴാഴ്ച്ച മാത്രമാണ് തങ്ങളറിഞ്ഞതെന്ന് കരസേന വൃത്തങ്ങള്‍ പറയുന്നു.
പിന്നെയെങ്ങനെയാണ് ഇതിന്റെ പേരില്‍ റോയ് മാത്യുവിനെതിരെ നടപടി സ്വീകരിക്കുന്നതെന്നാണ് കരസേനയുടെ ചോദ്യം. കരസേനയുടെ വിശദീകരണം റോയ് മാത്യുവിന്റെ കുടുംബം തള്ളി. ദൂരൂഹതയുണ്ടന്ന ഉറച്ച നിലപാടിലാണ് അവര്‍. തന്റെ കേണലിന്റെ വീട്ടു ജോലികള്‍ ഉള്‍പ്പടെ തനിക്ക് ചെയ്യേണ്ടി വരുന്നുവെന്നാണ് റോയി മാത്യു സ്വകാര്യചാനല്‍ പ്രവര്‍ത്തകരുമായുള്ള സൗഹൃദ സംഭാഷണത്തിനിടെ വ്യക്തമാക്കിയത്. ഒപ്പമുള്ള സുഹൃത്തുക്കളും ഏറെ ആരോപണങ്ങള്‍ പറയുകയുണ്ടായി. എന്നാല്‍ ഇത് ക്വിന്റ് വെബ് പോര്‍ട്ടല്‍ ചാനല്‍ രഹസ്യക്യാമറ വഴി പകര്‍ത്തി പ്രക്ഷേപണം ചെയ്തതോടെയാണ് തങ്ങള്‍ പറഞ്ഞതിന്റെ അപകടം റോയി മാത്യുവിന് മനസിലായത്. ഉടന്‍തന്നെ ഭാര്യയെ വിളിച്ച് ഉണ്ടായ സംഭവങ്ങള്‍ പറഞ്ഞെങ്കിലും ഇടക്ക് ഫോണ്‍ കട്ട് ആയി. പിന്നീടാണ് ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം കണ്ടെത്തിയത്. സൈനികന്റെ മരണത്തെകുറിച്ച് അന്വേഷിച്ച് ദൂരൂഹത നീക്കണമെന്ന് പൂര്‍വ്വസൈനിക സേവാപരിഷത്ത് സംസ്ഥാനജനറല്‍സെക്രട്ടറി മധു വട്ടവിള ആവശ്യപ്പെട്ടു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സൈനികമേധാവിക്കും പ്രതിരോധ മന്ത്രിക്കും പരാതി നല്‍കിയതായും മധു അറിയിച്ചു.
റോയി മാത്യുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 8 മണിയോടെ ജറ്റ് എയര്‍വെയ്സില്‍ തിരുവനന്തപുരം വിമാനതാവളത്തിലെത്തിക്കുന്ന മൃതദേഹം അവിടെ നിന്നും പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്ക് കൊണ്ടുപോകും. അവിടെ നിന്നും മിലിട്ടറി ട്രക്കില്‍ 12മണിയോടെ ജന്മനാട്ടിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
ആത്മഹത്യയിലേക്ക് നയിച്ചത് ഒളിക്യാമറ പ്രയോഗം
ന്യൂദല്‍ഹി: മലയാളി സൈനികനെ ആത്മഹത്യയിലേക്ക് നയിച്ചത് വെബ്സൈറ്റിന്റെ ഒളിക്യാമറ പ്രയോഗമാണെന്ന് കുറ്റപ്പെടുത്തി സൈന്യം. ഫെബ്രുവരി 25ന് സൈനികനെ കാണാതാകുന്നതിന് മുമ്പ് അദ്ദേഹത്തിനെതിരെ ഏതെങ്കിലും വിധത്തിലുള്ള അന്വേഷണമോ ചോദ്യം ചെയ്യലോ ഉണ്ടായിട്ടില്ലെന്നും എല്ലാത്തിനും കാരണം ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദം മൂലമാണെന്നും കരസേന വിശദീകരിച്ചു.
















