തിരുവനന്തപുരം : ബജറ്റ് ചോര്‍ച്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷ ബഹളം. ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. വി.ഡി സതീശന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ബഹളത്തോടെയാണ് ഇന്ന് സഭാ സമ്മേളനം തുടങ്ങിയത്. ബജറ്റ് ചോര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധനമന്ത്രി തോമസ് ഐസക്ക് രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം. ബജറ്റ് ചോര്‍ന്നതിലൂടെ അസാധാരണ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും, അത്തരം സാഹചര്യത്തില്‍ എന്തിനാണ് ഇങ്ങനെ സഭ ചേരുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. അതിനാല്‍ ചോദ്യോത്തര വേള റദ്ദാക്കി വിഷയം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
എന്നാല്‍ പ്രതിപക്ഷനേതാവിന്റെ ആവശ്യം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ തള്ളി. ചോദ്യോത്തര വേള റദ്ദാക്കാനാകില്ലെന്നും, ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാമെന്നും സ്പീക്കര്‍ റൂളിംഗ് നടത്തി. തുടര്‍ന്ന് പ്രതിപക്ഷം ചോദ്യേത്തര വേളയില്‍ സഹകരിച്ചു.
















