കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ടച്ചങ്കല്ല, ഇരട്ട മുഖമാണുള്ളതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ പൊയ്‌മുഖം അഴിഞ്ഞു വീണിരിക്കുന്നു. സമാധാന ചര്‍ച്ചകളില്‍ സമാധാനത്തിനായി വാദിക്കുകയും നിരുത്തരവാദപരമായ പ്രസ്താവനകളോടെ അക്രമത്തിന് പ്രകോപനം സൃഷ്ടിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. നീതി നിര്‍വഹണത്തിന് പോലീസിന് സ്വാതന്ത്ര്യം നല്‍കാതെ തങ്ങളുടെ രാഷ്‌ട്രീയ ഇംഗിതത്തിന് വഴങ്ങാത്തവരെ സ്ഥലം മാറ്റുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുണ്ടാക്കിയ സമാധാന ഉടമ്പടി ലംഘിക്കുന്നത് അദ്ദേഹം തന്നെയാണ്. പാര്‍ട്ടി അണികളെ നിയന്ത്രിക്കാനും അക്രമം ഇല്ലാതാക്കാന്‍ പോലീസിന് സ്വാതന്ത്ര്യം നല്‍കാനും പിണറായി തയാറാകണം.
സമാധാനം സിപിഎമ്മിന്റെ അജണ്ടയിലില്ലെന്നാണ് കേരളം തെളിയിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തില്‍ വിയോജിക്കാനുള്ള അവകാശം ഉണ്ടാകണം. എന്നാല്‍, സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുകയാണ് സിപിഎം. മാര്‍ക്‌സിസ്റ്റ്-മത വര്‍ഗീയ ശക്തികളുടെ കൂട്ടുകെട്ടാണ് കേരളത്തില്‍ അക്രമമുണ്ടാക്കുന്നത്. ഇതിനെ വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നതിനു പകരം ഒരു വിഭാഗം മാധ്യമങ്ങള്‍ സിപിഎമ്മിന്റെ കുഴലൂത്തുകാരാവുകയാണ്, അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















