കൊച്ചി: ജാതി വിവേചനത്തെത്തുടര്‍ന്നു വീടുവിട്ട് ക്ഷേത്രത്തില്‍ കഴിയുന്ന മുതലമട പഞ്ചായത്ത് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ചക്ലിയന്‍ സമുദായാംഗങ്ങള്‍ക്ക് വീടുകളിലേക്ക് തിരികെയെത്താന്‍ പോലീസ് സംരക്ഷണം നല്‍കാന്‍ പാലക്കാട് എസ്പിക്കും ഡിവൈഎസ്പിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി.
സംരക്ഷണം ആവശ്യപ്പെട്ട് കോളനിയിലെ ശിവരാജ്, സെന്തില്‍ കുമാര്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ്. അയിത്തമാരോപിച്ച് ചക്ലിയന്‍ സമുദായാംഗങ്ങളെ ആക്രമിക്കുന്നുവെന്ന ആരോപണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും മുതലമട പഞ്ചായത്തും സാമൂഹ്യ നീതി വകുപ്പും വിശദീകരണം നല്‍കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
ചക്ലിയന്‍ സമുദായാംഗങ്ങള്‍ കൂലിപ്പണിക്കാരാണെന്നും കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസ സൗകര്യമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഗോവിന്ദാപുരത്തെ പൊതുടാപ്പില്‍ നിന്ന് വെള്ളമെടുക്കാന്‍ അവകാശമില്ല. തങ്ങളുടെ മൃതദേഹം ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ മറ്റു ജാതിക്കാര്‍ അനുവദിക്കുന്നില്ല. ചായക്കടകളില്‍ പ്രത്യേക ഇരിപ്പിടങ്ങളും പാത്രങ്ങളുമാണുള്ളത്. പരാതി നല്‍കിയിട്ടും മുതലമട പഞ്ചായത്ത് നടപടിയെടുക്കുന്നില്ല.
തങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയാറാവുന്നില്ല. പരാതി നല്‍കിയാല്‍ പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്നും കള്ളക്കേസില്‍ കുടുക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
















