തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് മേധാവികള്‍ തമ്മിലുള്ള പോര് നിയന്ത്രിക്കാതെ ആളിക്കത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സേനയുടെ അന്തസിനെയും മനോവീര്യത്തെയും തകര്‍ക്കുമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഡിജിപി സെന്‍കുമാര്‍ മടങ്ങിയത്തിയതിലെ ജാള്യതയും അരിശവും തീര്‍ക്കാന്‍ പോലീസ് ആസ്ഥാനത്തെ സര്‍ക്കാര്‍ യുദ്ധക്കളമാക്കി മാറ്റി. ഡിജിപിയും എഡിജിപിയും തമ്മില്‍ കൈയാങ്കളിവരെ ഉണ്ടായി. ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥരെ തമ്മിലടിപ്പിക്കുന്നത് സര്‍ക്കാര്‍ തന്ത്രമാണ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ജെ. ജയനാഥിനെ മാറ്റിയത് ഭരണകക്ഷിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തിന്റെ പേരിലാണ്. ഉദ്യോഗസ്ഥരെ അടിക്കടി മാറ്റുന്നത് ക്രമസമാധാന നില തകരാറിലാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങ് വിവാദങ്ങളില്ലാതെ ഭംഗിയാക്കേണ്ടതായിരുന്നു. ചടങ്ങ് ബഹിഷ്‌കരിക്കാന്‍ യുഡിഎഫ് ഉദ്ദേശിക്കുന്നില്ല. എന്നാല്‍, പ്രതിഷേധമുണ്ട്. സ്ഥലം എംഎല്‍എയെയും എംപിയെയും പ്രതിപക്ഷ നേതാവിനെയുമൊക്കെ വിളിക്കുന്നത് സ്വാഭാവിക നടപടിക്രമമാണ്. ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
















