കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് ഉത്തരവ് നല്‍കി. മണിയുടെ ദുരൂഹ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ കെആര്‍ രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്. കീടനാശിനിയില്‍ കാണാറുള്ള ക്ലോര്‍പൈറിഫോസും മീതൈല്‍ ആള്‍ക്കഹോളുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും രാസപരിശോധനാ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസിന്റെ അന്വേഷണം സി.ബി.ഐയ്‌ക്കു വിടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സിബിഐ അന്വേഷണം ഏറ്റെടുക്കാത്തതിനാല്‍ പൊലീസ് തന്നെ അന്വേഷണം തുടരുകയായിരുന്നു. മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന തരത്തില്‍ പൊലീസ് അന്തിമ റിപ്പോര്‍ട്ട് ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയെന്ന് അറിയുന്നു.
എന്നാല്‍ മണിയുടെ മരണത്തിന് കാരണമായ വിഷവസ്തുക്കള്‍ എങ്ങനെയാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ കടന്നതെന്ന് കണ്ടെത്തണമെന്നും സ്വയം കഴിച്ചതാണോ ബലപ്രയോഗത്തിലൂടെ വിഷം നല്‍കിയതാണോ എന്നതു കണ്ടെത്തണമെന്നും രാമകൃഷ്ണന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐയുടെയും നിലപാടു തേടിയിട്ടുണ്ട്.
















