തൃശൂർ: സഹോദരിമാർ മരണപ്പെട്ട വാളയാർ ബലാത്സംഗ കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. വാളയാർ എസ്.ഐ പി.സി ചാക്കോയെയാണ് കൃത്യവിലോപത്തിന് സസ്പെൻഡ് ചെയ്തത്. മലപ്പുറം എസ്.പി ദേബേഷ് കുമാർ ബെഹ്റയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഐ.ജി എം.ആർ അജിത് കുമാറിന്‍റേതാണ് നടപടി.
എസ്.ഐ ചാക്കോയെ കൂടാതെ കസബ മുൻ സി.ഐ വിപിൻ ദാസ്, നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി വാസുദേവൻ എന്നിവർക്കെതിരെ നടപടിക്കും എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. നോർത്ത് സോൺ ഡി.ജി.പിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് കേസ് അന്വേഷണത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷണിക്കാൻ ഉത്തരവിട്ടത്.
ആരോപണം ഉയർന്ന സാഹചര്യത്തിൽ വാളയാർ എസ്.ഐ പി.സി ചാക്കോ അന്വേഷണ ചുമതലയിൽ നിന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. നാർക്കോട്ടിക് ഡി.വൈ.എസ്.പി എം.ജെ സോജന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് പുതിയ ചുമതല.
















