ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്നലെ തുടക്കമായി. കേരളത്തിലെ സിപിഎം സംഘര്‍ഷങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ നടക്കുന്ന അക്രമങ്ങളും ലോക്‌സഭയില്‍ ചര്‍ച്ചയായി. ചരക്കു സേവന നികുതി സമ്പൂര്‍ണ്ണമായി പാസാക്കാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസം സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകടിപ്പിച്ചു.
ലോക്‌സഭയിലെ ശൂന്യവേളയിലാണ് കേരളത്തിലെ വിവിധ വിഷയങ്ങള്‍ അംഗങ്ങള്‍ ഉന്നയിച്ചത്. പടിഞ്ഞാറന്‍ ദല്‍ഹിയില്‍ നിന്നുള്ള അംഗമായ പര്‍വേഷ് സാഹിബ്‌സിങ് വര്‍മ്മയ കേരളത്തിലെ ഇടത് ആക്രമണങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. കേരളത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി കൊല ചെയ്യപ്പെടുകയാണെന്ന് പര്‍വേഷ് ചൂണ്ടിക്കാട്ടി. മാര്‍ച്ച് അഞ്ചിന് കൊയിലാണ്ടിയില്‍ സിപിഎം ഗുണ്ടകളുടെ അക്രമത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്കേറ്റത് പര്‍വേഷ് എംപി ചൂണ്ടിക്കാട്ടി. കേരളത്തിലെ കണ്ണൂര്‍ ജില്ല അതീവ സംഘര്‍ഷ മേഖലയായി മാറിയെന്നും സിപിഎം ആളുകളെ കൊല്ലുന്ന പാര്‍ട്ടിയായി മാറിയെന്നും എംപി പറഞ്ഞു.
നൂറുശതമാനം സാക്ഷരത നേടിയ കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന സാഹചര്യം അത്യന്തം നാണക്കേടാണെന്ന് പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി ചൂണ്ടിക്കാട്ടി. സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങള്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ അനുദിനം വര്‍ദ്ധിക്കുന്നു. യാത്ര ചെയ്യുന്ന സ്ത്രീകളെ വെറുതെ വിടുന്നില്ല. അടുത്തകാലത്തായി വര്‍ദ്ധിച്ച ആക്രമണങ്ങളെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തി സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണം, ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച റിച്ചാര്‍ഡ് ഹേ ആവശ്യപ്പെട്ടു.
ഫാ. ടോം ഉഴുന്നാലിന്റെ മോചനം വൈകുന്നത് കത്തോലിക്കാ സഭാ വിശ്വാസികളില്‍ വലിയ വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി ഉണ്ടായ കാര്യം പി. കരുണാകരന്‍ എംപി സഭയുടെ ശ്ര്ദ്ധയില്‍ കൊണ്ടുവന്നു. എന്നാല്‍ വിവാദ പ്രസ്താവന നടത്തിയ വ്യക്തിയെ ആര്‍എസ്എസ് ചുമതലകളില്‍ നിന്ന് നീക്കം ചെയ്തതായും വിവാദ പ്രസ്താവനകള്‍ നടത്തുന്നത് ആര്‍എസ്എസിന്റെ രീതിയല്ലെന്നും കേന്ദ്രമന്ത്രി അനന്ത്കുമാര്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കി.
പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിച്ചില്ലെന്ന് മുസ്ലിംലീഗ് എംപി ഇ.ടി മുഹമ്മദ് ബഷീറിന്റെ പരാതി വാസ്തവ വിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി.
ജിഎസ്ടി പാസാക്കുന്നതില്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി സഭയ്‌ക്ക് പുറത്ത് പറഞ്ഞു. ഈ സഭാസമ്മേളനത്തോടെ ജിഎസ്ടി നിലവില്‍ വരേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
















