റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ഓസ്‌ട്രേലിയ പരിക്കിന്റെ പിടിയില്‍. അവരുടെ മൂന്ന് പ്രമുഖ താരങ്ങളാണ് പരിക്കിന്റെ പിടിയിലുള്ളത്. മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്ക് പുറമെ സ്പിന്നര്‍ നഥാന്‍ ലിയോണും പരിക്കിന്റെ പിടിയിലായി. ഇവരുടെ അഭാവം ടീമിന്റെ ബൗളിങ്ങ് ശക്തിയെ ആകെ അവതാളത്തിലാക്കുമെന്ന് ഉറപ്പ്. നാളെ മുതല്‍ റാഞ്ചിയിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഓരോന്ന് ഓസ്‌ട്രേലിയയും ഇന്ത്യയും വിജയിച്ചിരുന്നു.
പരിക്കേറ്റ മിച്ചല്‍ മാര്‍ഷും സ്റ്റാര്‍ക്കും വിദഗ്‌ദ്ധ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. മാര്‍ഷിന് ഇൗ വര്‍ഷത്തെ ഐപിഎല്ലും നഷ്ടമാകുമെന്നാണ് കരുതപ്പെടുന്നത്. ഏകദേശം ഒന്‍പത് മാസത്തോളം മാര്‍ഷിന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്നാണ് സൂചന. ചുമലിന് പരിക്കേറ്റ മിച്ചല്‍ മാര്‍ഷിന് പകരമായി മാര്‍ക്കസ് സ്‌റ്റോയിന്‍സിനെ ടീമിലെടുത്തിട്ടുണ്ട്. പാദത്തിനേറ്റ പരിക്കാണ് സ്റ്റാര്‍ക്കിന് തിരിച്ചടിയായത്. സ്റ്റാര്‍ക്കിന് പകരക്കാരനായി പാറ്റ് കുമ്മിന്‍സിനെ ടീമില്‍ ഉള്‍പ്പെടുത്തി.
നഥാന്‍ ലിയോണിന് വലതുകൈയിലെ ചൂണ്ടാണി വിരലിനാണ് പരിക്ക്. വിരല്‍ നീരുവന്ന് തടിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നുനാലു ദിവസമായി ലിയോണ്‍ പരിശീലനത്തിറിങ്ങിയിട്ടുമില്ല. എങ്കിലും നാളെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ലിയോണ്‍. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ എട്ടു വിക്കറ്റ് വീഴ്‌ത്തി ഇന്ത്യയെ ലിയോണ്‍ വിറപ്പിച്ചിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ലിയോണിന് വിക്കറ്റ് കിട്ടിയില്ല. മത്സരത്തില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു.
















