കോഴിക്കോട്: ബിജെപി നേതാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനുള്ള സിപിഎം ശ്രമത്തിന് തിരിച്ചടി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും എന്‍ടിയു സംസ്ഥാന പ്രസിഡന്റുമായിരുന്ന ടി. എ. നാരായണന്‍ മാസ്റ്റര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു.
ജാമ്യ ഹര്‍ജിയില്‍ വാദം കേട്ടതിനു ശേഷം കേസില്‍ സംശയകരമായ സാഹചര്യം ഉണ്ടെന്ന് കോടതി കണ്ടെത്തി. തനിക്കെതിരായ കേസ് രാഷ്‌ട്രീയപ്രേരിതമെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവും പാവണ്ടൂര്‍ ഹൈസ്‌കൂളിലെ അദ്ധ്യാപകനുമായ രവീന്ദ്രനാഥ് പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഒരു വിദ്യാര്‍ത്ഥി കേസ് നല്‍കിയിരുന്നു.
ബിജെപി അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് രവീന്ദ്രനാഥിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവന്നു. ഇതിനെ തുടര്‍ന്നാണ് ടി.എ. നാരായണന്‍ മാസ്റ്റര്‍ക്കെതിരെ സിപിഎം നേതാക്കള്‍ ഇടപെട്ട് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന ക്രിമിനല്‍ കേസ് നല്‍കിയത്.
തന്റെ നിരപരാധിത്തം ചൂണ്ടിക്കാട്ടിയാണ് നാരായണന്‍ മാസ്റ്റര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹരിജിക്കാരനുവേണ്ടി അഭിഭാഷകരായ പി.എസ്. ശ്രീധരന്‍പിള്ള, അര്‍ജുന്‍ ശ്രീധര്‍ എന്നിവര്‍ ഹാജരായി.
















