പരിയാരം: കാലിന് പരിക്കേറ്റ സ്ത്രീയെയും കൊണ്ട് മംഗലാപുരത്തേക്ക് ചികിത്സക്ക് പോകുകയായിരുന്ന കുടുംബത്തെ കാര്‍ തടഞ്ഞ് കൊള്ളയടിച്ച സംഭവത്തില്‍ നാലുപേരെ അറസ്റ്റുചെയ്തു. കണ്ണൂര്‍ കക്കാട് കിനാത്തി ക്ലാസിക്കിലെ കെ.കെ.ഫവാദ് (27), കടലായി ജെ.ടി.നിവാസിലെ ജിതിന്‍ ജയരാജ് (25), പാണപ്പുഴയിലെ ആയിലവളപ്പില്‍ സതീഷ് (31), അള്ളാംകുളത്തെ അരോളിന്റകത്ത് സുബൈര്‍ (41)എന്നിവരെയാണ് പരിയാരം എസ്‌ഐ വി.ആര്‍.വിനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് 2.15ഓടെയാണ് കേസിനാസ്പദമായ സംഭവം. മാഹി മഞ്ചക്കല്‍ സെഞ്ച്വറി റോഡിലെ പ്രാര്‍ത്ഥനയില്‍ ഇ.കെ.സോജിത്ത് (27), മാതാവ് ആശാലത (62), സോജിത്തിന്റെ സുഹൃത്തും ആണ് കാറിലുണ്ടായിരുന്നത്. കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ഇന്‍സാറ്റ് ബസ് കാറിനെ മറികടക്കാന്‍ ധര്‍മ്മശാല മുതല്‍ ഹോണടിച്ചിരുന്നു. എന്നാല്‍ മറ്റൊരു വാഹനം ഉണ്ടായിരുന്നതിനാല്‍ സൈഡ് കൊടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഫോണ്‍ ചെയ്തതനുസരിച്ച് ഇന്നോവ കാറിലെത്തിയ സുഹൃത്തുക്കളും അതേ സമയം എത്തിയ ബസ്സിലെ ജീവനക്കാരും ചേര്‍ന്ന് ചുടലയില്‍ വെച്ച് സോജിത്തിനെയും മാതാവിനെയും സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിക്കുകയും സോജിത്തിന്റെ മാല തട്ടിയെടുക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് സോജിത്തിനെയും മാതാവിനെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി എന്നായിരുന്നു അക്രമികള്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ ഹൈവേ പോലീസിനെ കണ്ടതോടെ അക്രമിസംഘം ഇന്നോവയില്‍ കയറി രക്ഷപ്പെട്ടു. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അക്രമികളെ മനസ്സിലായത്.
അതേസമയം സോജിത്ത് ഓടിച്ച കാര്‍ ഇടിച്ച്പരിക്കേറ്റെന്ന് പറഞ്ഞ് ഒരാള്‍ തളിപ്പറമ്പിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ സംഭവം കളവാണെന്ന് തെളിയുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ ഫവാദ് ഇന്‍സാറ്റ് ബസ് ഡ്രൈവറും, ജിതിന്‍ കണ്ടക്ടറും സതീഷ് ക്ലീനറുമാണ്. ഇന്നോവ കാറിന്റെ ഡ്രൈവറാണ് സുബൈര്‍.
















